തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മൊബൈൽ ഫോൺ കവർച്ചാ കേസുകളിൽ അഞ്ച് പേർ പൊലീസ് പിടിയിലായി. വട്ടിയൂർക്കാവ്, കന്റോൺമെന്റ് സ്റ്റേഷൻ പരിധികളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 11:15ഓടെ കഴക്കൂട്ടം സ്വദേശിയായ യുവാവിനെ രണ്ടംഗ സംഘം ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തിരുന്നു. ഈ കേസിൽ രാജാജി നഗർ സ്വദേശികളായ സൂരജ് (24), വിവേക് (30) എന്നിവരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ സൂരജ് കന്റോൺമെന്റ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ള പ്രതിയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വട്ടിയൂർക്കാവ് പരിധിയിൽ മറ്റൊരു സംഭവത്തിൽ, കാഞ്ഞിരംപാറയിലെ ഒരു ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ ഇരിക്കുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ച് ഫോൺ കവർന്നതായി പരാതി ലഭിച്ചിരുന്നു. ഇന്നലെ അർധരാത്രി 12.15ഓടെ നടന്ന സംഭവത്തിൽ 1.25 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണാണ് നഷ്ടമായത്.
ഈ കേസിൽ പുളിയറക്കോണം സ്വദേശിയായ ആദർശ് (24), പിടിപി നഗർ സ്വദേശിയായ അഭിലാഷ് (34), വാഴോട്ടുകോണം സ്വദേശി നൗഫൽ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.




