പത്തനംതിട്ട: പത്തനംതിട്ടയിലെ ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ കടയിൽ കയറി മർദ്ദിച്ചതായി പരാതി. ഹോട്ടൽ ഉടമ ടോണിക്കാണ് ആക്രമണം നേരിട്ടത്. മൂന്ന് പേർ ചേർന്നാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഹോട്ടൽ നടത്തിപ്പിനായി മുൻ ഉടമകളിൽ നിന്ന് ടോണി ഏകദേശം രണ്ടര ലക്ഷം രൂപയ്ക്ക് ഉപകരണങ്ങൾ വാങ്ങിയിരുന്നു. രണ്ടുമാസത്തിനുള്ളിൽ ചെക്ക് നൽകുകയും പ്രതിദിനം ആയിരം രൂപ നൽകുകയും ചെയ്യുമെന്നായിരുന്നു കരാർ. എന്നാൽ ഗ്യാസ് ക്ഷാമം മൂലം 26 ദിവസം കട തുറക്കാൻ കഴിഞ്ഞില്ല. ഇതോടെ പ്രതിദിന തുക നൽകുന്നത് മുടങ്ങിയതാണ് തർക്കത്തിന് കാരണമായത്.
ഈ വിഷയത്തിൽ മുൻ ഉടമയായ പ്രിൻസും കൂട്ടാളികളും ചേർന്നാണ് ആക്രമിച്ചതെന്നാണ് ടോണിയുടെ ആരോപണം. കഴിഞ്ഞ മാസം 25-നാണ് സംഭവം നടന്നത്. കൂടാതെ, ഭക്ഷണത്തിൽ ഹാൻഡ്വാഷ് കലർത്തിയതായും എഫ്ഐആറിൽ പരാമർശമുണ്ട്. പണം നഷ്ടമായതായും പരാതിയിൽ പറയുന്നു.




