ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ പ്രദേശത്തെ നാലുനില ഫ്ലാറ്റിൽ ഉണ്ടായ വൻ അഗ്നിബാധയിൽ ഒൻപത് പേർക്ക് ദാരുണാന്ത്യം. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ നാലുമണിയോടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. പിന്നീട് തീ മൂന്നാം, നാലാം നിലകളിലേക്കും പടർന്നു. താമസക്കാർ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
അപകടം നടന്നതോടെ 14 ഫയർ എൻജിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രണ്ടുമണിക്കൂറിന് ശേഷം രാവിലെ ആറുമണിയോടെ തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിൽ കുടുങ്ങിയ പന്ത്രണ്ടിലധികം ആളുകളെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാകാമെന്നാണ് ഒരു താമസക്കാരൻ പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




