കൊച്ചി: കൊടുംചൂടിനും ഏറെ കാത്തിരുന്ന വേനൽമഴയും കാറ്റും ചേർന്നതോടെ എറണാകുളം ജില്ലയിലെ കർഷകരുടെ 43 കോടി രൂപയുടെ കാർഷിക സ്വപ്നങ്ങൾ തകർന്നു. കൃഷി വകുപ്പ് ജനുവരി 1 മുതൽ ഏപ്രിൽ 30 വരെ തയ്യാറാക്കിയ പ്രാഥമിക കണക്ക് പ്രകാരം 43.38 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിളവെടുപ്പിന് തയ്യാറായിരുന്ന പച്ചക്കറികൾ, പഴവർഗങ്ങൾ, നാണ്യവിളകൾ എന്നിവ വ്യാപകമായി നശിച്ചു. ഇതിനുമുമ്പേ വന്യമൃഗ ശല്യം മൂലം ബുദ്ധിമുട്ടിലായിരുന്ന കിഴക്കൻ മേഖലകളിലെ കർഷകർക്ക് പ്രതികൂല കാലാവസ്ഥ വലിയ തിരിച്ചടിയായി. നഷ്ടപരിഹാര അപേക്ഷകൾ ലഭിച്ചതിന് ശേഷമേ യഥാർത്ഥ നഷ്ടത്തിന്റെ മുഴുവൻ കണക്ക് വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.
ഈ വർഷം ചൂടും മഴയും കാറ്റും ചേർന്ന് 4297.08 ഹെക്ടർ കൃഷിയാണ് നശിച്ചത്. 11,385 കർഷകരുടെ കൃഷിയിടങ്ങൾ ബാധിച്ചു. വായ്പയെടുത്തും പാട്ടഭൂമിയിൽ കൃഷി ചെയ്തും മുന്നോട്ട് പോയവർക്ക് പ്രതിസന്ധി കൂടുതൽ രൂക്ഷമായി. വിഷുവിനും ഓണത്തിനുമായി ലക്ഷ്യമിട്ട് നടത്തിയ കൃഷികൾ പലതും ഉണങ്ങിയും കാറ്റിൽ തകർന്നുമാണ് നഷ്ടമായത്. പുതുതായി നട്ടതും വിളവെടുപ്പിന് അടുത്തെത്തിയതുമായ കൃഷികളും വലിയ തോതിൽ നാശനഷ്ടം നേരിട്ടു.
വാഴകൃഷിയിലാണ് ഏറ്റവും കൂടുതൽ നാശം രേഖപ്പെടുത്തിയിരിക്കുന്നത്. കുലച്ചതും കുലക്കാറായതുമായ ആയിരക്കണക്കിന് വാഴകൾ ആദ്യം വേനൽച്ചൂടിൽ ഉണങ്ങി, തുടർന്ന് കാറ്റും മഴയും കാരണം ഒടിഞ്ഞുവീണു. ആലുവ, അങ്കമാലി, പറവൂർ, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, പിറവം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്.
ജനുവരി 1ന് ശേഷം മാത്രം 3966.02 ഹെക്ടറിൽ 6381 കർഷകരുടെ വാഴകൃഷി നശിച്ചതായി കണക്കാക്കുന്നു. ഇതിലൂടെ 35.37 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതിൽ ഏറ്റവും കൂടുതൽ ബാധിച്ചത് കോതമംഗലം ബ്ലോക്ക് ആണ്. ഇവിടെ 2620.90 ഹെക്ടറിലെ 831 കർഷകരുടെ കൃഷി തകർന്നതോടെ ഏകദേശം 3.20 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.
കൃഷി തകർന്നതോടെ വായ്പ തിരിച്ചടക്കാൻ കഴിയാതെ നിരവധി കർഷകർ പ്രതിസന്ധിയിലായി. ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും ജപ്തി ഭീഷണി പലർക്കും നേരിടേണ്ടി വരുന്നു. നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയിട്ടും നടപടികൾ വൈകുന്നതായി കർഷകർ പരാതിപ്പെടുന്നു. കൃഷി വകുപ്പിന്റെ പരിശോധനയും രേഖാ സമർപ്പണവും പൂർത്തിയാക്കിയ ശേഷവും സഹായം ലഭിക്കാൻ നീണ്ട കാത്തിരിപ്പാണെന്നാണ് അവരുടെ ആരോപണം. മുൻപ് വന്യമൃഗ ശല്യം മൂലമുള്ള നഷ്ടപരിഹാരവും മുഴുവൻ കർഷകർക്ക് ലഭിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നു. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നാണ് കർഷകരുടെ ആവശ്യം.




