കാസർകോട്: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും യുഡിഎഫിന് അനുകൂലമാണെന്ന് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന യഥാര്‍ഥ പ്രവര്‍ത്തകരുപോലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്കാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മുതല്‍ പാറശാല വരെ നിരവധി മണ്ഡലങ്ങളില്‍ ഈ രാഷ്ട്രീയ മാറ്റം വ്യക്തമായി കാണാമെന്ന് ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന്റെ ഉറച്ച വോട്ട്ബാങ്കില്‍ വന്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വന്തം ജീവിതത്തിലും സ്വത്തുകളിലും താല്‍പര്യമുള്ള കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ഇത്തവണ ഇടതുമുന്നണിക്കെതിരെ വിധി എഴുതിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പാര്‍ട്ടിയുടെ നിലവിലെ നിലപാടുകളില്‍ അസംതൃപ്തരായവര്‍ പ്രസ്ഥാനത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന അസാധാരണ സാഹചര്യം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍മാരുടെ മനസ്സില്‍ നടന്ന ഈ രഹസ്യ രാഷ്ട്രീയ നീക്കങ്ങള്‍ ഒരു സര്‍വേ ഏജന്‍സികള്‍ക്കും കണ്ടെത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ അട്ടിമറിയോ മറഞ്ഞ രാഷ്ട്രീയ പ്രവാഹങ്ങളോ പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ ഇത്തവണ കാസര്‍കോട് ജില്ലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒരു എംഎല്‍എപോലും ഉണ്ടാകില്ലെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. ബിജെപിക്കും ഇത്തവണ ജില്ലയില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്താനോ അക്കൗണ്ട് തുറക്കാനോ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




