ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇറാൻ പുതിയ 14 ഇന സമാധാന നിർദ്ദേശം അമേരിക്കയ്ക്ക് കൈമാറി. പാകിസ്താൻ മുഖേനയാണ് ഈ നിർദ്ദേശം ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് നൽകിയത്. ട്രംപ് സർക്കാർ മുൻപ് മുന്നോട്ടുവെച്ച സമാധാന ചട്ടക്കൂടിന് മറുപടിയായാണ് ഇറാൻ്റെ ഈ നീക്കം. ലോകത്തിലെ എണ്ണ-വാതക ഗതാഗതത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് പുതിയ ഭരണക്രമം വേണമെന്നതാണ് പ്രധാന ആവശ്യങ്ങളിൽ ഒന്ന്.
യുഎസ് സൈന്യത്തെ മേഖലയിൽ നിന്ന് പിൻവലിക്കുക, നാവിക ഉപരോധം അവസാനിപ്പിക്കുക, ലെബനൻ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലെ യുദ്ധം നിർത്തുക എന്നിവയും ഇറാൻ ആവശ്യപ്പെടുന്നു. കൂടാതെ സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കൽ, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകൽ, യുദ്ധനഷ്ടപരിഹാരം നൽകൽ എന്നിവയും നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
അമേരിക്ക നിർദ്ദേശിച്ച രണ്ട് മാസത്തെ വെടിനിർത്തലിന് പകരം 30 ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം എടുക്കണമെന്നാണ് ഇറാൻ്റെ നിലപാട്. നയതന്ത്രപരമായ ഒത്തുതീർപ്പിനോ തുറന്ന യുദ്ധത്തിലേക്കോ പോകേണ്ടത് അമേരിക്ക തീരുമാനിക്കണമെന്നും ഇറാൻ വ്യക്തമാക്കി.
അതേസമയം, ഇറാൻ്റെ നിർദ്ദേശത്തെ ട്രംപ് ഭരണകൂടം സംശയത്തോടെയാണ് കാണുന്നത്. ഇറാൻ മുൻകാലങ്ങളിൽ ചെയ്ത കാര്യങ്ങളെ പരിഗണിക്കുമ്പോൾ ഈ കരാർ അംഗീകരിക്കാൻ സാധ്യത കുറവാണെന്ന് ട്രംപ് പ്രതികരിച്ചു. ഇതിനിടെ സമാധാന ചർച്ചകൾ തുടരുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണ്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ലെബനനിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.




