പിറവം: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബ് വീണ്ടും വിജയം നേടി. 44,681 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണത്തെ ജയം. അനൂപ് ജേക്കബിന് 89,551 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി സാബു കെ ജേക്കബ് 44,870 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ജിബി എബ്രഹാം 14,861 വോട്ടുകളും നേടി.
കേരള കോൺഗ്രസിന്റെ പ്രമുഖ നേതാവായ ടി. എം. ജേക്കബിന്റെ പാരമ്പര്യമുള്ള മണ്ഡലമാണ് പിറവം. അദ്ദേഹത്തിന് ശേഷം 2012 മുതൽ അനൂപ് ജേക്കബ് തന്നെ മണ്ഡലം പ്രതിനിധീകരിച്ചു വരുന്നു. ഇത്തവണ എൽഡിഎഫും യുഡിഎഫും തമ്മിൽ ശക്തമായ പോരാട്ടം നടന്നെങ്കിലും അനൂപ് ജേക്കബിന്റെ വ്യക്തിപ്രാധാന്യവും ജനപ്രീതിയും വിജയം ഉറപ്പിച്ചു. ട്വന്റി20യുടെ സാന്നിധ്യം മത്സരത്തെ കൂടുതൽ ശക്തമാക്കിയിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ 25,364 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ് വിജയിച്ചിരുന്നത്. ഇത്തവണ ആ ഭൂരിപക്ഷം കൂടി വർധിപ്പിച്ചാണ് വിജയം ആവർത്തിച്ചത്.






