ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഭരണഘടന ബഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് അവതരിപ്പിക്കുക. കഴിഞ്ഞ വാദത്തിനിടെ, വിധിക്ക് പിന്നാലെ ശബരിമലയിൽ പ്രവേശിച്ച സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യം കോടതി ഉയർത്തിയിരുന്നു. ജസ്റ്റിസ് ബി.വി. നാഗരത്ന ആണ് ഈ ചോദ്യം ഉന്നയിച്ചത്.
യുവതി പ്രവേശനത്തെ അനുകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിംഗ് വാദം അവതരിപ്പിക്കുന്നതിനിടെയാണ് ഈ പരാമർശം ഉണ്ടായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ വീണ്ടും പരിശോധിക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ശബരിമല വിഷയത്തിൽ നിയമം പാലിച്ചവരാണ് പരാജയപ്പെട്ടതെന്നും ഇന്ദിര ജയ് സിംഗ് വാദിച്ചു. കേസ് സംബന്ധിച്ച കൂടുതൽ വാദങ്ങൾ ഇന്ന് തുടരുമെന്നാണ് വിവരം.




