പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ റിമാൻഡ് മെയ് 18 വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ മെയ് 12-ന് പരിഗണിക്കും. കേസിൽ മൊത്തം 9 പ്രതികളാണ് ഉള്ളത്. ഇതിൽ ആറാം പ്രതി അടുത്തിടെ തൂങ്ങി മരിച്ചിരുന്നു. നേരത്തെ മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതിയിൽ നിന്നുള്ള ജാമ്യം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതികളെ വീണ്ടും റിമാൻഡിൽ വിട്ടത്.
2025 ഡിസംബർ 17-നാണ് ഈസ്റ്റ് അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായൺ ഭാഗേൽ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ അതേ ദിവസം രാത്രി മരിച്ചു. കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി.കെ. രാജ്മോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നടത്തുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജീവ് നടക്കാവിൽ കോടതിയിൽ ഹാജരായി.




