രാജ്യത്തെ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്കൂൾ ഭരണത്തിൽ രക്ഷിതാക്കൾക്ക് കൂടുതൽ പങ്കാളിത്തം നൽകുന്നതാണ് പ്രധാന ലക്ഷ്യം. പുതിയ നിർദേശപ്രകാരം സമിതിയുടെ അധ്യക്ഷയും ഉപാധ്യക്ഷയും രക്ഷിതാക്കളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരിക്കണം. സ്കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ സമിതിയുടെ മെമ്പർ സെക്രട്ടറിയായിരിക്കും.
ഓരോ സ്കൂളിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സമിതി അംഗങ്ങളുടെ എണ്ണം നിശ്ചയിക്കും. 100 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ 12–15 അംഗങ്ങൾ, 100 മുതൽ 500 വരെ കുട്ടികളുള്ള സ്കൂളുകളിൽ 15–20 അംഗങ്ങൾ, 500-ൽ അധികമുള്ള സ്കൂളുകളിൽ 20–25 അംഗങ്ങൾ എന്നിങ്ങനെയാണ് ക്രമീകരണം. പ്രാദേശിക ഭരണസമിതിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, ആശാ വർക്കർമാർ, അംഗനവാടി പ്രവർത്തകർ എന്നിവരും സമിതിയിൽ അംഗങ്ങളായിരിക്കും.
സമിതിക്ക് കീഴിൽ അക്കാദമിക് കമ്മിറ്റി, സ്കൂൾ ബിൽഡിങ് കമ്മിറ്റി എന്നിങ്ങനെ രണ്ട് ഉപസമിതികളും ഉണ്ടാകും. സമഗ്ര ശിക്ഷ, പി.എം പോഷൺ, നിപുൺ ഭാരത് തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളുടെ മേൽനോട്ടം ഈ സമിതിക്കായിരിക്കും. കൂടാതെ 30 ലക്ഷം രൂപ വരെ വരുന്ന സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് നടത്താനുള്ള അധികാരവും സമിതിക്ക് നൽകിയിട്ടുണ്ട്.




