ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് ഡിഎംകെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിച്ചതിനെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മമത ബാനർജിയുടെയും എം.കെ. സ്റ്റാലിന്റെയും കൂടെയുള്ള ചിത്രം എക്‌സിൽ പങ്കുവെച്ച അദ്ദേഹം, “പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ” എന്ന് കുറിച്ചു. ഇത് കോൺഗ്രസിനുള്ള പരോക്ഷ വിമർശനമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഇതിനിടെ കോൺഗ്രസിന്റെ നിലപാടിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഡിഎംകെ, ദേശീയ തലത്തിലെ ഇന്ത്യ സഖ്യം അവസാനിച്ചതായി പ്രഖ്യാപിച്ചു. സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഡിഎംകെ എംഎൽഎമാരുടെ യോഗത്തിൽ കോൺഗ്രസിന്റെ നീക്കത്തെ അപലപിച്ച് നാല് പ്രമേയങ്ങളും പാസാക്കി.
234 അംഗ തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകൾ നേടി തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ വൻ മാറ്റത്തിനാണ് വഴിവെച്ചത്. തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പുനഃസംഘടനകളിലൊന്നായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
അതേസമയം സർക്കാർ രൂപീകരിക്കാനുള്ള വിജയ്‌യുടെ അവകാശവാദം തമിഴ്‌നാട് ഗവർണർ രാജേന്ദ്ര അർലേക്കർ വീണ്ടും തള്ളി. രാജ്ഭവനിലെത്തി ഗവർണറെ കണ്ട വിജയ്‌യോട് 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയ ശേഷം മാത്രമേ സർക്കാർ രൂപീകരണാവകാശം ഉന്നയിക്കാനാകൂവെന്ന് ഗവർണർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.






