കൊച്ചി: യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ മൂന്നാമത്തെ പ്രതിയും പൊലീസ് പിടിയിൽ. അരൂർ സ്വദേശിയായ സഞ്ജയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി മെഡിക്കൽ ട്രസ്റ്റിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. സഞ്ജയ് അവിടെ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മൂന്ന് പേർ പങ്കെടുത്തതായി അതിക്രമത്തിനിരയായ യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.






