എറണാകുളം: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവ് ശിക്ഷ. കളമശ്ശേരി ഞാലകം മൂലേപ്പാടം റോഡിലെ കാഞ്ഞിരത്തിങ്കൽ സുനിത (25) ആത്മഹത്യ ചെയ്ത കേസിലാണ് പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി. ജ്യോതി വിധി പ്രസ്താവിച്ചത്.
കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് യു.സി. കോളേജ് കടേപ്പിള്ളി റോഡിലെ അറഫ വില്ലയിൽ അജു എന്ന അരുൺ (38) എട്ട് വർഷം കഠിനതടവിനും 25,000 രൂപ പിഴയും ശിക്ഷിക്കപ്പെട്ടു. രണ്ടാം പ്രതിയായ അജുവിന്റെ മാതാവ് ലൈലാ ബീവി (72)യ്ക്ക് രണ്ട് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. മൂന്നാം പ്രതിയായ അജുവിന്റെ പിതാവ് അബ്ദുൽ റഹിമാനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതേ വിട്ടു.
2018 സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2014-ലാണ് അജുവും സുനിതയും വിവാഹിതരായത്. വിവാഹസമയത്ത് 101 പവൻ സ്വർണാഭരണങ്ങൾ സുനിതയ്ക്ക് നൽകിയിരുന്നു. എന്നാൽ കൂടുതൽ പണവും സ്വർണവും സ്വത്തും ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും സുനിതയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
തുടർന്ന് സുനിതയുടെ മാതാപിതാക്കൾ കളമശ്ശേരിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന വീടും പറമ്പും അവളുടെ പേരിലേക്ക് മാറ്റി നൽകിയെങ്കിലും പീഡനം തുടരുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർച്ചയായ മാനസിക പീഡനത്തെ തുടർന്ന് സുനിത ആത്മഹത്യ ചെയ്തതാണെന്നും കേസ് പറയുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തു. കേസിൽ 29 സാക്ഷികളെ വിസ്തരിക്കുകയും 90 രേഖകളും മൂന്ന് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
കളമശ്ശേരി പോലീസും എറണാകുളം സിറ്റി പോലീസ് കമ്മീഷണറും ചേർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോർജിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനായി അഭിഭാഷകരായ എം.ബി. ഷാജിയും എസ്. രാഖിയും ഹാജരായി.




