ആലപ്പുഴ: കൊതുക് വഴി പകരുന്ന വെസ്റ്റ് നൈൽ പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു. ദേശാടനപ്പക്ഷികളിൽ കാണുന്ന ഫ്ലാവി വൈറസ് വിഭാഗത്തിൽപ്പെട്ട വൈറസ്, ക്യൂലക്സ് കൊതുകുകളുടെ കടിയിലൂടെ മനുഷ്യരിലേക്കാണ് പകരുന്നത്.
കെട്ടിനിൽക്കുന്ന മലിനജലം, ഓവുചാലുകൾ, സെപ്റ്റിക് ടാങ്കുകൾ, ചതുപ്പുകൾ, പാടങ്ങൾ, പുൽച്ചെടികൾ തഴച്ചുവളരുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇത്തരം കൊതുകുകൾ കൂടുതലായി വളരുന്നത്. വെള്ളം കെട്ടിനിൽക്കുന്ന ടയറുകൾ, പാത്രങ്ങൾ തുടങ്ങിയവയും കൊതുക് വർധനയ്ക്ക് കാരണമാകുന്നുവെന്ന് അധികൃതർ പറയുന്നു.
കൊതുകുകടി ഒഴിവാക്കാൻ വ്യക്തിഗത പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. രാവിലെയും വൈകുന്നേരവും കൊതുക് സജീവമായ സമയങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണം. ഈ സമയങ്ങളിൽ പുറത്ത് സമയം ചെലവിടുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം. പുറത്തിറങ്ങുമ്പോൾ കൈകാലുകൾ മൂടുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും കൊതുകുതിരിപ്പുകൾ ഉപയോഗിക്കാനും നിർദേശമുണ്ട്.
വീടുകളിലും പരിസരത്തും കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കണം. ടെറസുകളിലും പാത്തികളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. ടയറുകൾ, പാഴ്വസ്തുക്കൾ എന്നിവ മഴയിൽ നനയാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ മൂടിവെക്കുകയും ശൗചാലയങ്ങളുടെ വെന്റിലേഷൻ പൈപ്പുകൾ വല ഉപയോഗിച്ച് മൂടുകയും വേണം.
വീടിനടുത്തുള്ള കുറ്റിച്ചെടികൾ വെട്ടിത്തെളിയിക്കാനും മലിനജലം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ ഫോഗിങ് ഉൾപ്പെടെയുള്ള കൊതുകുനാശന പ്രവർത്തനങ്ങൾ നടത്താനും ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നു. ജൈവമാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കണമെന്നും പറയുന്നു.
വയോജനങ്ങൾ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേക ശ്രദ്ധ പാലിക്കണം. പനി, ക്ഷീണം, തലവേദന, ഛർദി, മനംപിരട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. രോഗലക്ഷണങ്ങൾ 2 ദിവസത്തിൽ നിന്ന് 2 ആഴ്ച വരെ വൈകി പ്രത്യക്ഷപ്പെടാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മിക്കവാറും ആളുകളിൽ ഗുരുതര ലക്ഷണങ്ങൾ കാണില്ലെങ്കിലും ചിലരിൽ രോഗം നാഡീവ്യവസ്ഥയെ ബാധിച്ച് എൻസെഫലൈറ്റിസ്, പക്ഷാഘാതം, കാഴ്ച നഷ്ടം തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാനിടയുണ്ട്. എന്നാൽ രോഗി മറ്റൊരാളിലേക്ക് രോഗം പകരില്ലെന്നും അധികൃതർ വ്യക്തമാക്കി.






