ചെന്നൈ: ദിവസങ്ങളോളം നീണ്ട കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാഷ്ട്രീയ നിരീക്ഷകരെ വരെ ഞെട്ടിച്ച് വലിയ വിജയമാണ് വിജയ് നേടിയത്. രണ്ട് ദ്രാവിഡ പാർട്ടികൾ അറുപത് വർഷത്തോളം കയ്യടക്കിവെച്ചിരുന്ന ഭരണത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. മിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട് തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ വിപുലമായ ക്ഷേമപദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിരുന്നത്. ഒമ്പതോളം വാഗ്ദാനങ്ങളാണ് ടിവികെ മുൻപോട്ട് വെച്ചിരിക്കുന്നത്.
60 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ, പ്രതിവര്‍ഷം എല്ലാ കുടുംബങ്ങള്‍ക്കും ആറ് സൗജന്യ എല്‍പിജി സിലിണ്ടര്‍, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്, സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് എട്ട് ഗ്രാം സ്വര്‍ണം, വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, കാര്‍ഷിക വായ്പകള്‍ എഴുതി തള്ളും, മദ്യരഹിത തമിഴ്നാട് ഉദ്യമം ആരംഭിക്കും, സുതാര്യവും അഴിമതിരഹിതവുമായ ഭരണം, എഐ അധിഷ്ഠിത ഭരണനിര്‍വഹണം. എഐക്ക് പ്രത്യേക വകുപ്പ് എന്നിവയാണ് ടിവികെ മുൻപോട്ട് വെച്ച വാഗ്ദാനങ്ങൾ.
ഫലം വന്നതോടെ നിഷ്പ്രയാസം വിജയ് അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഗവർണർ രാജേന്ദ്ര ആർലേക്കർ നിലപാട് കടുപ്പിച്ചതോടെ ദ്രാവിഡ പാർട്ടികൾ ഒന്നിച്ച് ഭരിക്കുമെന്ന തരത്തിൽ വരെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ന് തമിഴകത്തു പുതിയൊരു ചരിത്രം പിറന്നിരിക്കുകയാണ്.






