തിരുവനന്തപുരം: മോഷണം നടത്താൻ സഹകരിക്കാത്തതിന്റെ പേരിൽ ഉണ്ടായ വൈരാഗ്യം തെരുവിൽ ഏറ്റുമുട്ടലിലേക്ക് മാറി. പഴവങ്ങാടിയിൽ വച്ച് വെട്ടുകത്തിയുമായി ആക്രമണം നടത്തിയ രണ്ട് ക്രിമിനൽ കേസ് പ്രതികളെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ബാലരാമപുരം സ്വദേശി മണികണ്ഠൻ (36), വട്ടിയൂർക്കാവ് സ്വദേശി രാജേഷ് (46) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 6.15ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മണികണ്ഠൻ തന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ചാണ് രാജേഷ് ആക്രമണം ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം, മോഷണത്തിൽ സഹകരിക്കാത്തതിലുള്ള വിരോധം മൂലമാണ് രാജേഷ് വെട്ടുകത്തി ഉപയോഗിച്ച് മണികണ്ഠനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമാക്കുന്നു.
ഇരുവരും ഫോർട്ട്, വട്ടിയൂർക്കാവ് സ്റ്റേഷനുകളിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. നിരവധി ക്രിമിനൽ കേസുകളിലും പ്രതികളായ ഇവർ പരസ്പരം നൽകിയ പരാതികളിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.






