തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ട്. പൊലീസ് തലപ്പത്ത് മുതൽ താഴേത്തട്ടുവരെയുള്ള നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തും എന്നതിനെ ആശ്രയിച്ചായിരിക്കും ഉന്നതതല നിയമനങ്ങളിലെ തീരുമാനങ്ങളെന്നും വിലയിരുത്തൽ.
നിലവിലെ പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന് ഇനി 15 മാസത്തെ സർവീസുണ്ട്. സുപ്രീംകോടതി വിധിപ്രകാരം പൊലീസ് മേധാവിക്ക് രണ്ടുവർഷത്തെ കാലാവധി ഉറപ്പാക്കേണ്ടതിനാൽ, 2027 ജൂലൈയിൽ റാവാഡ വിരമിച്ച ശേഷമേ പുതിയ ഡിജിപിയെ നിയമിക്കാൻ കഴിയൂ. സീനിയോറിറ്റി പ്രകാരം യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമുമാണ് ഡിജിപി സ്ഥാനത്തേക്ക് പ്രധാന പരിഗണനയിലുള്ളത്. ഇടത് സർക്കാരിന്റെ കാലത്ത് വിവാദങ്ങളിൽപ്പെട്ട എം.ആർ. അജിത് കുമാറിന്റെയും പേര് പട്ടികയിലുണ്ടെന്നാണ് സൂചന. യോഗേഷ് ഗുപ്തയ്ക്ക് നാല് വർഷവും മനോജ് എബ്രഹാമിന് അഞ്ച് വർഷവും സർവീസുണ്ട്.
പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ എഡിജിപി മുതൽ എസ്‌ഐ വരെയുള്ള തലങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. പിണറായി സർക്കാരിന്റെ അവസാനഘട്ടത്തിൽ മാറ്റിനിർത്തപ്പെട്ട യോഗേഷ് ഗുപ്തയ്ക്ക് പ്രധാന ചുമതല ലഭിക്കാനിടയുണ്ടെന്നാണ് സൂചന.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കടേഷിന് സ്ഥാനമാറ്റമുണ്ടാകാമെന്നും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന് പകരം പി. വിജയനെയോ ദിനേന്ദ്ര കശ്യപിനെയോ പരിഗണിക്കാനാണ് സാധ്യത. പി. വിജയന് ചുമതല ലഭിച്ചാൽ ദിനേന്ദ്ര കശ്യപ് ഇന്റലിജൻസ് മേധാവിയാകാനും സാധ്യതയുണ്ട്. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയ്ക്കും സ്ഥലംമാറ്റമുണ്ടാകുമെന്ന സൂചനകളുണ്ട്.
അതേസമയം, ഇടത് അനുകൂല ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് അനുകൂല പൊലീസ് സംഘടനകളും രംഗത്തെത്തി. സ്ഥലംമാറ്റം ആവശ്യമായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. മുൻ ഭരണകാലത്ത് വിവിധ ജില്ലകളിലേക്ക് മാറ്റിയ ഉദ്യോഗസ്ഥരെ തിരികെ നിയമിക്കണമെന്നും വലത് അനുകൂല സംഘടനാ നേതാക്കൾ ആവശ്യപ്പെടുന്നു.
രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ വർഷങ്ങളായി സ്പെഷൽ ബ്രാഞ്ച്, ക്രൈം റെക്കോർഡ്സ് ബ്യൂറോ, ക്യാംപുകൾ എന്നിവിടങ്ങളിൽ തുടരുന്ന ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ലോക്കൽ സ്റ്റേഷനുകളിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ റൈറ്റർ, അസിസ്റ്റന്റ് റൈറ്റർ തസ്തികകളിലുള്ള ഉദ്യോഗസ്ഥരെ ഇതിനകം മാറ്റി. എആർ ക്യാംപ്, കൺട്രോൾ റൂം, ട്രാഫിക് വിഭാഗം, കമ്മിഷണർ ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പ്രധാനമായും ഇടത് അനുകൂല സംഘടനകളുമായി ബന്ധമുള്ളവരെയാണ് മാറ്റിയതെന്നും പകരം വലത് അനുകൂല ഉദ്യോഗസ്ഥരെ നിയമിച്ചെന്നും റിപ്പോർട്ടുകളുണ്ട്.






