കോട്ടയം: സംസ്ഥാനത്ത് മാംസവില വീണ്ടും ഉയരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളും കോഴികളും എത്തുന്നത് കുറഞ്ഞതാണ് പ്രധാന കാരണം. വരും ദിവസങ്ങളിൽ വില ഇനിയും കൂടാനിടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഒരു കിലോ പോത്തിറച്ചിയുടെ വില ഒരു വർഷം മുമ്പ് 380 രൂപയായിരുന്നു. ഇപ്പോൾ 480 മുതൽ 500 രൂപ വരെ നൽകേണ്ട സ്ഥിതിയാണ്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പോത്തുകളുടെ വരവ് കുറഞ്ഞതും ചരക്ക് ഗതാഗത ചെലവ് കൂടിയതുമാണ് വിലവർധനയ്ക്ക് കാരണമായി പറയുന്നത്.
ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇറച്ചി കയറ്റുമതി സ്ഥാപനങ്ങൾ ഉയർന്ന വിലയ്ക്ക് പോത്തുകളെ വാങ്ങുന്നതും കേരളത്തിലേക്കുള്ള വരവ് കുറയാൻ കാരണമായി. ലോക വിപണിയിൽ ഇന്ത്യൻ പോത്തിറച്ചിക്ക് ആവശ്യകത കൂടുതലായതിനാൽ കയറ്റുമതി കമ്പനികൾ ഗ്രാമങ്ങളിൽ നിന്ന് പോലും പോത്തുകളെ വാങ്ങുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
കേരളത്തിലേക്ക് കന്നുകാലികളെ എത്തിക്കാൻ വാഹനച്ചെലവും തൊഴിലാളി ചെലവും കൂടിയതായും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോഴിയിറച്ചിയുടെ വിലയും കുത്തനെ ഉയർന്നു. മൂന്ന് ദിവസത്തിനിടെ കിലോയ്ക്ക് 135 രൂപയിൽ നിന്ന് 175 രൂപയായി. കനത്ത ചൂട് കാരണം കോഴിക്കുഞ്ഞുങ്ങൾ ചത്തതും ഉത്പാദനം കുറഞ്ഞതുമാണ് കാരണം.
ഏപ്രിലിൽ ചിക്കൻ വില കുറഞ്ഞതിനെ തുടർന്ന് പല കർഷകരും പുതിയ കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ തയ്യാറായിരുന്നില്ല. ഇതും ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമായി.
ഇറച്ചിവില നിയന്ത്രിക്കാൻ സർക്കാരിന് ഫലപ്രദമായ സംവിധാനം ഇല്ലെന്നാണ് വ്യാപാരികളുടെ ആരോപണം. വിലക്കയറ്റം ഹോട്ടൽ മേഖലയെയും ബാധിച്ചു. ബീഫിന്റെയും ചിക്കന്റെയും വില കൂടിയതിനാൽ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടേണ്ട സാഹചര്യമാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. സംസ്ഥാനങ്ങളിൽനിന്നുള്ള മാംസങ്ങളുടെ വരവ് കുറഞ്ഞു; പോത്ത്, കോഴി ഇറച്ചിവില കൂടുന്നു






