ന്യൂഡൽഹി: കോൺഗ്രസിനെയും തമിഴ്നാട് രാഷ്ട്രീയത്തെയും കുറിച്ച് ബിജെപി നേതാവ് കെ. അണ്ണാമലൈയും കോൺഗ്രസ് എംപി ശശി തരൂരും തമ്മിൽ വാക്ക് പോര്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നടന്ന സംവാദ പരിപാടിക്കിടെയായിരുന്നു ഇരുവരുടെയും പരാമർശങ്ങൾ ശ്രദ്ധ നേടിയത്.
തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കവേ, കോൺഗ്രസ് ടിവികെയെ പിന്തുണച്ച് ഡി.എം.കെ.യിൽ നിന്ന് പിന്മാറിയതിനെ അണ്ണാമലൈ വിമർശിച്ചു. “ഒരു രാത്രി കൊണ്ടാണ് കോൺഗ്രസ് ഡി.എം.കെ.യെ ഉപേക്ഷിച്ച് വിജയിയുടെ സഖ്യകക്ഷിയായത്. ഓന്തിനുപോലും ഇത്ര വേഗത്തിൽ നിറം മാറാൻ കഴിയില്ല,” എന്നാണ് അണ്ണാമലൈ പറഞ്ഞത്.
കോൺഗ്രസ് ഇപ്പോഴും പഴയ രാഷ്ട്രീയ ചിന്താഗതിയിൽ തന്നെയാണെന്നും പുതിയ തലമുറ വികസന രാഷ്ട്രീയമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശശി തരൂരിനെ അണ്ണാമലൈ പ്രശംസിക്കുകയും ചെയ്തു. “ശശി തരൂർ വളരെ ജ്ഞാനമുള്ള വ്യക്തിയാണ്. ഐക്യരാഷ്ട്രസഭയിൽ സേവനം ചെയ്ത അദ്ദേഹം ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ച ആളാണ്. എന്നാൽ അദ്ദേഹം കോൺഗ്രസിന്റെ രീതിയിൽ സംസാരിക്കാൻ തുടങ്ങിയാൽ പ്രശ്നമുണ്ടാകും,” എന്നും അണ്ണാമലൈ പറഞ്ഞു.
അണ്ണാമലൈയുടെ പരാമർശങ്ങൾ കേട്ട് ശശി തരൂർ ചിരിക്കയും കൈയടി ചെയ്യുകയും ചെയ്യുന്ന വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വീഡിയോ പങ്കുവെച്ച് തരൂർ രസകരമായ കുറിപ്പും ചേർത്തു. “അദ്ദേഹം ‘തമിഴിയൻ’ എന്നാണ് പറഞ്ഞത്, ‘ഓന്ത്’ അല്ല” എന്നായിരുന്നു തരൂരിന്റെ പ്രതികരണം.
തരൂരിന്റെ പോസ്റ്റിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയും വിമർശനവും ഉയർന്നു. ബിജെപിയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകിയില്ലെന്നാരോപിച്ച് നിരവധി പേർ തരൂരിനെ വിമർശിച്ചു.






