ന്യൂഡൽഹി: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) യൂണിറ്റുമായി ബന്ധപ്പെട്ട കേസിൽ ജോലിസ്ഥല അതിക്രമങ്ങളും ഭീഷണിപ്പെടുത്തലും ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ദേശീയ വനിതാ കമ്മിഷൻ (NCW) റിപ്പോർട്ട്. കമ്മിഷൻ ചെയർപേഴ്സൺ വിജയ രഹത്കറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച വസ്തുതാന്വേഷണ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. നിരവധി വനിതാ ജീവനക്കാർ നൽകിയ പരാതികളിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.
നാസിക് സന്ദർശിച്ച സമിതി പരാതിക്കാർ, പോഷ് നിയമപ്രകാരം പ്രവർത്തിക്കുന്ന ആഭ്യന്തര സമിതി അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, സാക്ഷികൾ എന്നിവരുമായി സംസാരിച്ചു. ജോലിസ്ഥലത്ത് ലൈംഗിക അതിക്രമം, അധികാര ദുർവിനിയോഗം, ഭീഷണിപ്പെടുത്തൽ, മാനസിക പീഡനം എന്നിവ ഉണ്ടായിരുന്നുവെന്ന് സമിതി കണ്ടെത്തി.
ചില ഉദ്യോഗസ്ഥർ ഓഫീസിൽ നിയന്ത്രണം സ്ഥാപിക്കുകയും യുവ വനിതാ ജീവനക്കാരെ ലക്ഷ്യമിടുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകിച്ച് “Gen Z” വിഭാഗത്തിലുള്ള യുവതികളെ എളുപ്പത്തിൽ സ്വാധീനിക്കാനാകുന്നതിനാൽ അവരെ കൂടുതലായി ലക്ഷ്യമിട്ടുവെന്നാണ് കണ്ടെത്തൽ.
ജോലിസ്ഥലത്ത് മതവിശ്വാസങ്ങളെയും ആചാരങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ചില ജീവനക്കാർക്ക് മാനസിക സമ്മർദം അനുഭവപ്പെട്ടതായും കമ്മിഷൻ ചൂണ്ടിക്കാട്ടി. പരാതി നൽകിയാൽ തൊഴിൽപരമായ പ്രതികൂല ഫലങ്ങൾ ഉണ്ടാകുമെന്ന ഭയം കാരണം നിരവധി ജീവനക്കാർ മൗനം പാലിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് അതിക്രമം, അധികാര ദുർവിനിയോഗം, മതവികാരങ്ങളെ വ്രണപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു. സാക്ഷികൾക്കും പരാതിക്കാർക്കും സുരക്ഷ ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.






