കോഴിക്കോട്: കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകുമെന്ന ചർച്ചകൾക്കിടെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. വി ഡി സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് 102 സീറ്റുകൾ നേടി വിജയിച്ചതെന്നും, അതിനാൽ അദ്ദേഹത്തെ മറികടന്ന് മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നത് ജനവിധിക്കെതിരാണെന്നും കോഴിക്കോട് കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കി.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ വാർഡ് കമ്മിറ്റി പിരിച്ചുവിടുമെന്ന് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ വി.ഡി. സതീശനെതിരെ പ്രവർത്തിച്ച എംഎൽഎമാരുടെ നടപടി പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാൽ കുറുക്കുവഴിയിലൂടെ മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്നത് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാകുമെന്നും കമ്മിറ്റി ആരോപിച്ചു.
വാർഡ് പ്രസിഡന്റ് ടി.പി. ബലറാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഇല്ലത്ത് വേണുഗോപാൽ, മണ്ഡലം സെക്രട്ടറി സിറാജ് കാളിയത്ത്, എം.എ. സജീവൻ, എൻ.എസ്. ഷീന, എം.എസ്. അർജുൻ ഉൾപ്പെടെയുള്ളവർ സംസാരിച്ചു.






