ന്യൂഡൽഹി: രൂപയുടെ മൂല്യത്തകർച്ച തടയാനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കാനും കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ സർക്കാർ വർധിപ്പിച്ചു.
സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഇപ്പോൾ 10 ശതമാനമായി ഉയർത്തി. ഇതിന് പുറമെ അഞ്ചുശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെസും ഏർപ്പെടുത്തി. ഇതോടെ ആകെ നികുതി വർധനവ് 15 ശതമാനമായി. മുൻപ് ഇത് ആറുശതമാനം മാത്രമായിരുന്നു.
ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഇടിയുന്നത് തടയുക എന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. അസംസ്‌കൃത എണ്ണയും സ്വർണവും ഇറക്കുമതി ചെയ്യാൻ വലിയ തോതിൽ ഡോളർ ചെലവാകുന്നത് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തെ ബാധിക്കുന്നതായി സർക്കാർ വിലയിരുത്തുന്നു.
നരേന്ദ്ര മോദി നേരത്തേ തന്നെ സ്വർണ ഉപഭോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. വിദേശ നാണ്യ ശേഖരത്തിലെ കുറവ് പരിഹരിക്കാൻ കുറഞ്ഞത് ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ നികുതി വർധനവോടെ സ്വർണവില ഇനിയും ഉയരാനാണ് സാധ്യത. നിലവിൽ തന്നെ റെക്കോർഡ് വിലയിൽ നിൽക്കുന്ന സ്വർണത്തിന് ഇത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സ്വർണത്തിനൊപ്പം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മറ്റ് വിലകൂടിയ ലോഹങ്ങൾക്കും വില കൂടും.






