കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തോട് അടുത്തിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഴുത്തുകാരും സാംസ്‌കാരിക നായകരും രംഗത്ത്. വലിയ ഭൂരിപക്ഷം നേടിയ മുന്നണിയിലെ നേതൃകക്ഷി ഇങ്ങനെ കുഴങ്ങുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും എഴുത്തുകാര്‍ പ്രസ്താവനയില്‍ പറയുന്നു. സാറാ ജോസഫ്, എംഎന്‍ കാരശ്ശേരി, കല്പറ്റ നാരായണന്‍, കെജി ശങ്കരപ്പിള്ള, യുകെ. കുമാരന്‍, എസ് ജോസഫ് എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച്, വലിയ ഭൂരിപക്ഷം നേടിയ മുന്നണിയിലെ നേതൃകക്ഷി ഇങ്ങനെ കുഴങ്ങുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. മെയ് 4ന് തെരഞ്ഞെടുപ്പുഫലം വന്നതാണ്. പത്തു ദിവസമാകുന്നു. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വത്തിനോ ദേശീയ നേതൃത്വത്തിനോ ഇനിയും പരിഹാരം കണ്ടേത്താനായിട്ടില്ല.
പ്രസ്താവനയുടെ പൂര്‍ണരൂപം
എന്താണ് ഈ പ്രശ്നത്തിന് കാരണം? ജനവിധിയുടെ ആത്മാവുകാണാന്‍ ശേഷിയില്ലായ്മയല്ലേ? അഥവാ അത് മനസ്സിലാക്കിയിട്ടും സ്വന്തം അജണ്ട നടപ്പാക്കാന്‍ ജനവിധി അട്ടിമറിക്കുന്നതില്‍പോലും തെറ്റു കാണാത്ത ചില നേതാക്കളല്ലേ? ജനങ്ങളുടെ വോട്ടുനിശ്ചയം അപ്പാടെ കവര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കാന്‍ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയും അതു നടപ്പാക്കാന്‍ നടന്ന സ്വാധീനശ്രമങ്ങളുമാണ് ജനങ്ങള്‍ കാണുന്നത്. ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ അട്ടിമറിച്ച് വോട്ടുചോരി സംസ്‌കാരത്തിന് ഊന്നുകാല്‍ നല്‍കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്നു പറയേണ്ടിവരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങള്‍ തങ്ങളുടെ കൂട്ടത്തില്‍നിന്ന് നേതാവിനെ തെരഞ്ഞെടുക്കുന്നതാണ് ജനാധിപത്യ മുറ. അവിടെ ബാഹ്യമായ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് ശരിയല്ല. നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ച ഒരാള്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനിടയായാല്‍ ചിലപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്തുനിന്ന് മറ്റൊരു നേതാവിനെ നിയോഗിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാവാം. പക്ഷേ ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല. ഇപ്പോഴുണ്ടായ ദൗര്‍ഭാഗ്യകരമായ സന്ദിഗ്ദ്ധാവസ്ഥ അിച്ചേല്‍പ്പിക്കപ്പെട്ടതാണ്. അതില്‍ ഗൂഢാലോചനയും ആസൂത്രണവും ഉണ്ടെന്ന് സ്പഷ്ടവുമാണ്. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന പ്രതിഷേധാര്‍ഹമായ സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
വൈകിയവേളയില്‍ തെറ്റുതിരുത്താനും ജനനിശ്ചയവും ജനാധിപത്യ മര്യാദയും സംരക്ഷിക്കാനും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണം. ഇത് കോണ്‍ഗ്രസ്സിന്റേ ആഭ്യന്തരപ്രശ്നമല്ലാതായിട്ടുണ്ടെന്ന് ഞങ്ങള്‍ അവരെ ഓര്‍മ്മിപ്പിക്കുന്നു. നേതാവിനെ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ജനനിശ്ചയം അട്ടിമറിക്കാനും വോട്ടുമോഷണം നടത്താനുമുള്ള ശ്രമം ജനങ്ങള്‍ക്കെതിരായ യുദ്ധമാണ്. അതില്‍ ഇടപെടാനും തടയാനും രാഷ്ട്രീയമായ വിവേകത്തോടെ വോട്ടു ചെയ്ത ബഹുജനത്തിന് അവകാശമുണ്ട്. അത് പൗരസമൂഹത്തിന്റെ ജനാധിപത്യധര്‍മ്മമാണ്.
കേരള ജനത കൊടിയ രാഷ്ട്രീയവഞ്ചനയ്ക്ക് ഇരയാകുന്ന ഒരു ഭയാനക നന്ദര്‍ഭത്തിന്റെ മുന്നിലാണുള്ളത്. ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ജനാധിപത്യധ്വംസനത്തിന് ഇട നല്‍കാതെ ജനവികാരം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം ഉടന്‍ കൈക്കൊള്ളേണ്ടതാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് ജനാധിപത്യ സംരക്ഷണദിനമായി ആചരിക്കാന്‍ ജനാധിപത്യ വിശ്വാസികളായ സാംസ്‌കാരിക പ്രവര്‍ത്തകരോടും സാമൂഹികപ്രതിബദ്ധരായ രാഷ്ട്രീയചിന്തകരോടും ആഹ്വാനം ചെയ്യുന്നു. പൊതുസമൂഹത്തിനൊപ്പം കൈകോര്‍ത്ത് പ്രതിഷേധിക്കാനും പ്രതിരോധം തീര്‍ക്കാനും അഭ്യര്‍ത്ഥിക്കുന്നു.






