ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സർക്കാർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. അസംസ്കൃത പഞ്ചസാര, വെള്ള പഞ്ചസാര, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയുടെ കയറ്റുമതിക്കാണ് നിയന്ത്രണം. സെപ്റ്റംബർ 30 വരെയോ പുതിയ ഉത്തരവ് വരുന്നതുവരെയോ നിരോധനം തുടരും. രാജ്യത്തിനുള്ളിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുകയും വിലക്കയറ്റം തടയുകയും ചെയ്യാനാണ് സർക്കാർ ഈ തീരുമാനം എടുത്തത്. ഇതുവരെ നിയന്ത്രിത വിഭാഗത്തിലുണ്ടായിരുന്ന പഞ്ചസാര കയറ്റുമതി ഇനി നിരോധിത വിഭാഗത്തിലേക്ക് മാറ്റിയതായി വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
എന്നാൽ മേയ് 13-ന് മുമ്പ് ലോഡിങ് ആരംഭിച്ച ചരക്കുകൾക്കും കസ്റ്റംസിന് കൈമാറിയ കയറ്റുമതി സാധനങ്ങൾക്കും അനുമതി ലഭിക്കും. കൂടാതെ, മറ്റ് രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ പരിഗണിച്ച് പ്രത്യേക സാഹചര്യങ്ങളിൽ സർക്കാർ അനുമതി നൽകാനും സാധ്യതയുണ്ട്. യൂറോപ്യൻ യൂണിയൻ, യുഎസ്എ എന്നിവിടങ്ങളിലേക്കുള്ള നിലവിലെ കരാറുകൾ പ്രകാരമുള്ള കയറ്റുമതിക്ക് ഈ നിരോധനം ബാധകമല്ലെന്നും സർക്കാർ വ്യക്തമാക്കി.
രാജ്യത്തെ പഞ്ചസാര ശേഖരം കുറഞ്ഞുവരുന്നതാണ് ഈ തീരുമാനത്തിന് പ്രധാന കാരണം. 2025-26 സീസണിൽ 275 ലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിക്കുമെന്നാണ് കണക്ക്. പഴയ സ്റ്റോക്കുകൾ ചേർത്താൽ ആകെ 325 ലക്ഷം ടൺ ലഭ്യമാകും. എന്നാൽ ആഭ്യന്തര ആവശ്യത്തിന് ഏകദേശം 280 ലക്ഷം ടൺ പഞ്ചസാര വേണ്ടിവരും. ഇതോടെ ശേഷിക്കുന്ന ശേഖരം 45 ലക്ഷം ടണ്ണായി കുറയുമെന്ന് സർക്കാർ വിലയിരുത്തുന്നു. 2016-17 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്.
എൽ നിനോ കാരണം അടുത്ത വർഷം മഴ കുറയാൻ സാധ്യതയുള്ളതും പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ മൂലം വളം ക്ഷാമം ഉണ്ടാകാമെന്ന ആശങ്കയും ഉത്പാദനത്തെ ബാധിക്കാമെന്നാണ് സർക്കാർ കരുതുന്നത്. ബ്രസീലിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.






