ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘മഞ്ഞുമ്മൽ ബോയ്‌സ്’ന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം ‘ബാലൻ- ദി ബോയ്’യുടെ കാൻസ് മാർക്കറ്റിങ് പ്രീമിയർ ഇന്ന് നടക്കും. 2026 ജൂൺ 19ന് ആഗോള റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ മാർക്കറ്റിങ് പ്രദർശനമാണ് കാൻസിൽ സംഘടിപ്പിക്കുന്നത്.
ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘മഞ്ഞുമ്മൽ ബോയ്‌സ്’ന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം ‘ബാലൻ- ദി ബോയ്’യുടെ കാൻസ് മാർക്കറ്റിങ് പ്രീമിയർ ഇന്ന് നടക്കും. 2026 ജൂൺ 19ന് ആഗോള റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ മാർക്കറ്റിങ് പ്രദർശനമാണ് കാൻസിൽ സംഘടിപ്പിക്കുന്നത്.
ഇതിനിടെ, കാൻസിലെ പ്രൊഡ്യൂസേഴ്സ് ക്ലബിൽ പ്രശസ്ത സംവിധായകൻ പാൻ നളിൻ എന്നിവരുമായി ചിദംബരവും ശൈലജ ദേശായി ഫെനും കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
ഗുജറാത്തിൽ നിന്നുള്ള സംവിധായകനായ പാൻ നളിൻ, ‘സംസാര’ (2001), ‘വാലി ഓഫ് ഫ്‌ളവേഴ്സ്’ (2006), ‘ആംഗ്രി ഇന്ത്യൻ ഗോഡെസസ്’ (2015), ‘ചെല്ലോ ഷോ’ (2021) തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ സിനിമാപ്രവർത്തകനാണ്. അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹത്തിന്റെ സിനിമകൾ ഇന്ത്യയ്ക്കു പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു.
ആദ്യ ചിത്രമായ ‘സംസാര’ ഡർബൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ആദ്യ ഫീച്ചർ ചിത്രത്തിനുള്ള പുരസ്‌കാരവും, എഎഫ്‌ഐ ഫെസ്റ്റിൽ ഗ്രാൻഡ് ജൂറി പ്രൈസിന്റെ പ്രത്യേക പരാമർശവും, സാന്റാ ബാർബറ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പുരസ്‌കാരവും നേടി. 2002ലെ മെൽബൺ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഏറ്റവും ജനപ്രിയ ഫീച്ചർ ചിത്രമായും അത് തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് ഫിക്ഷൻ, ഡോക്യുമെന്ററി സിനിമകൾ ഒരുക്കിയ പാൻ നളിൻ, വ്യത്യസ്ത ദൃശ്യ-ശ്രാവ്യ ശൈലികളിലൂടെ തന്റേതായ സിനിമാഭാഷ രൂപപ്പെടുത്തിയ സംവിധായകനായും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ‘ചെല്ലോ ഷോ’ ആയിരുന്നു 2023ലെ ഓസ്‌കാർ അവാർഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി.
കാൻസ് ചലച്ചിത്രമേളയിൽ പാൻ നളിനെ നേരിൽ കാണാനും ആശയവിനിമയം നടത്താനും കഴിഞ്ഞത് ‘ബാലൻ- ദി ബോയ്’ ടീമിന് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്നും, വ്യക്തിത്വം, അതിജീവനം, അമ്മയും മകനും തമ്മിലുള്ള ബന്ധം എന്നിവ പ്രമേയമാക്കുന്ന ഹൃദയസ്പർശിയായ സിനിമാനുഭവമായിരിക്കും ‘ബാലൻ- ദി ബോയ്’ എന്നും അവർ അറിയിച്ചു.
അന്താരാഷ്ട്ര സിനിമാരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പ്രേക്ഷകസമൂഹത്തിനുമുന്നിലാണ് കാൻസിലെ മാർക്കറ്റിങ് പ്രദർശനത്തിലൂടെ ചിത്രം എത്തുന്നത്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണയും ശൈലജ ദേശായി ഫെനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.






