റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഉടൻ സാധ്യമാകുമെന്ന വാർത്ത വലിയ ആശ്വാസത്തോടെയാണ് മലയാളികൾ സ്വീകരിക്കുന്നത്. അടുത്ത ആഴ്ച തന്നെ റഹീമിന്റെ മോചനം ഉണ്ടാകുമെന്നാണ് റിയാദ് റഹീം സഹായ സമിതി അറിയിച്ചിരിക്കുന്നത്. കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ ഈ മാസം അവസാനിക്കുന്നതോടെയാണ് നിയമനടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നത്.
ശിക്ഷാകാലാവധി പൂർത്തിയായതിന് പിന്നാലെ സൗദി ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ അനുവദിക്കും. ഇതോടെ സൗദി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാകും. തുടർന്ന് യാത്രാ തീയതി നിശ്ചയിച്ച് എത്രയും വേഗം റഹീമിനെ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
ജയിൽ മോചനത്തിന് മുന്നോടിയായി രാജ്യം വിടുന്നതിനാവശ്യമായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്‌പോർട്ട്) ഇന്ത്യൻ എംബസി തയ്യാറാക്കിയതായി സാമൂഹിക പ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ അറിയിച്ചു. എംബസി ഉദ്യോഗസ്ഥരുടെ ഇടപെടലും നടപടികൾ വേഗത്തിലാക്കാൻ സഹായകരമായതായി അദ്ദേഹം പറഞ്ഞു.
“ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്ത ഈ ദൗത്യം വിജയത്തിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. തുടക്കം മുതൽ ഒടുക്കം വരെ ഒപ്പമുണ്ടായ എല്ലാ മനുഷ്യസ്നേഹികളോടും നന്ദിയുണ്ട്,” എന്ന് റിയാദ് സഹായ സമിതി മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.
ശിക്ഷാകാലാവധി കഴിഞ്ഞതോടെ റഹീമിനെ ആദ്യം ഡിപ്പോർട്ടേഷൻ സെന്ററിലേക്ക് മാറ്റും. അവിടെ നിന്ന് വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള ഒരുക്കങ്ങൾ ഉണ്ടാകുമെന്ന് സമിതി ചെയർമാൻ സി.പി. മുസ്തഫ വ്യക്തമാക്കി.
റിയാദ് സഹായ സമിതി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സെബിൻ ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിൽ മോചന നടപടികളുടെ പുരോഗതി നിരന്തരം വിലയിരുത്തുന്നുണ്ട്. ഫറോക്കിലെ സഹായ ട്രസ്റ്റുമായി ഉടൻ ഓൺലൈൻ യോഗം ചേർന്ന് തുടർ നടപടികൾ തീരുമാനിക്കുമെന്നും സമിതി അറിയിച്ചു.
കോഴിക്കോട്ടെ റഹീമിന്റെ വീട്ടുകാരും നാട്ടുകാരും പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും അദ്ദേഹത്തിന്റെ മടങ്ങിവരവ് കാത്തിരിക്കുകയാണ്.






