തിരുവനന്തപുരം: അനുനയ നീക്കങ്ങളിൽ അയയാതെ ഇടഞ്ഞുതന്നെ നിൽക്കുകയാണ് രമേശ് ചെന്നിത്തല. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ രമേശ് ചെന്നിത്തലയെ കാണാൻ വീണ്ടും അദ്ദേഹത്തിന്റെ വീട്ടിലെത്തി. ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി, ജോസഫ് വാഴക്കൻ ഉള്‍പ്പെടെയുള്ളവര്‍ ചെന്നിത്തലയുടെ വസതിയിലുണ്ടായിരുന്നു.
തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്ന നിലപാടിലാണ് അദ്ദേഹം. മുതിര്‍ന്ന എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. മുതിര്‍ന്ന എംഎല്‍എമാരെ ഒഴിവാക്കുന്നത് അനൗചിത്യമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് പല നീക്കങ്ങളും നടത്തിയിരുന്നു. ചെന്നിത്തലയെ കഴിഞ്ഞ ദിവസവും വി ഡി സതീശൻ വീട്ടിലെത്തി കണ്ടിരുന്നു.






