തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കെ കോണ്‍ഗ്രസിലെ മന്ത്രിമാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായി. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് തന്നെയാണ് ഒടുവിലത്തെ റിപ്പോർട്ട്. കോണ്‍ഗ്രസ് മന്ത്രിമാരായി സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, എം ലിജു. ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ എന്നിവരാണ് മന്ത്രി പട്ടികയില്‍ ഇടംപിടിച്ചവര്‍. മറ്റുള്ളവരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പതിനൊന്ന് മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകും. ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നും വാർത്തകളുണ്ട്.
രമേശ് ചെന്നിത്തലയെ കെസി വേണുഗോപാല്‍ വീട്ടിലെത്തി അനുനയിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിസഭയില്‍ അംഗമാകാനുള്ള തീരുമാനം എടുത്തത്. എന്നും സ്ഥാനമാനങ്ങള്‍ വേണ്ടെന്നുവച്ച നേതാവാണ് രമേശ് ചെന്നിത്തലയെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് മന്ത്രിമാരുടെ കാര്യത്തിലും ഇന്ന് തന്നെ തീരുമാനം ഉണ്ടായേക്കും.






