ചരിത്ര തോൽവിയിക്ക് പിന്നാലെ പുകഞ്ഞുതുടങ്ങിയ കലാപം സിപിഎമ്മിൽ ആളിക്കത്താൻ തുടങ്ങിയിരിക്കുകയാണ്. പിണറായി വിജയെന്ന അതികായനെ മാത്രം അവതരിപ്പിച്ച് മൂന്നാം തവണയും ഭരണത്തിലേറാമെന്ന ഇടതുപക്ഷത്തിന്റെ മോഹത്തിന് മുഖത്തേറ്റ അടിയായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. അന്ന് മുതൽ ഒളിഞ്ഞും തെളിഞ്ഞും പാർട്ടിക്കുള്ളിൽ പുകഞ്ഞുതുടങ്ങിയ വിമർശനങ്ങളാണ് രണ്ടാഴ്ച്ച പിന്നിടുമ്പോൾ സംസ്ഥാനമെങ്ങും പടരുന്നത്. ഒരിക്കലും തകരില്ലെന്ന് വിശ്വസിച്ചിരുന്ന കണ്ണൂര് പോലുള്ള പാർട്ടി കോട്ടകൾ വരെ തകർന്നടിഞ്ഞപ്പോൾ അണികൾക്ക് നഷ്ടപ്പെട്ടത് തങ്ങളുടെ വിശ്വാസം കൂടിയായിരുന്നു. എല്ലാ ജില്ലാ നേതൃയോഗങ്ങളിലും ഉയരുന്ന വിമർശനങ്ങൾക്ക് ഏകദേശം സമാന സ്വഭാവമുണ്ട് എന്നതും ശ്രദ്ധേയമാണ്. ഒരുപക്ഷേ രാജാവിന്റെ നഗ്നത വിളിച്ച് പറയാനുള്ള ആർജവം പ്രവർത്തകർക്ക് വന്നുതുടങ്ങിയെന്ന് വേണമെങ്കിലും പറയാം.
പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനവും എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയും അടിയന്തരമായി ഒഴിയണമെന്നതാണ് എല്ലാ ജില്ലാ കമ്മിറ്റി യോഗങ്ങളിലും പ്രധാനമായി ഉയർന്ന ആവശ്യം. അല്ലാത്തപക്ഷം, ഇരുവരെയും പാർട്ടി ഒഴിവാക്കണം. ഉത്തരവാദിത്തം നിറവേറ്റാത്ത സംസ്ഥാന സെക്രട്ടേറിയറ്റും ഉടൻ പുനഃസംഘടിപ്പിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായതു ഭരണവിരുദ്ധ തരംഗമല്ല, പിണറായി– ഗോവിന്ദൻ വിരുദ്ധ തരംഗമാണെന്നും കമ്മിറ്റി യോഗങ്ങളെല്ലാം പറഞ്ഞുവെക്കുന്നു. പാർട്ടി സെക്രട്ടറിയുടെ സന്ദേശത്തിലെ ശങ്കരാടി സ്റ്റൈൽ മറുപടികൾ ജനത്തിന് മനസിലാകുന്നില്ല എന്ന ശ്രദ്ധേയമായൊരു വിമർശനവും കഴിഞ്ഞ ദിവസം ഉയർന്നിട്ടുണ്ട്. അതായത്, പാർട്ടി സാധാരണ ജനങ്ങളിൽ നിന്ന് വളരെ അകലെയാണ് ഇപ്പോഴുമെന്ന് സാരം.
എം വി ഗോവിന്ദൻ ഓരോ തവണ മാധ്യമങ്ങളെ കാണുമ്പോഴും 100 പേരെങ്കിലും പാർട്ടിക്കെതിരാകുന്നുണ്ടാകും. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് നൂറ്റാണ്ടിന്റെ മണ്ടത്തരമാണ്. ഓരോ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ഓരോ നയമാണ്. ഇഷ്ടമുള്ളവരെ മത്സരിപ്പിക്കാൻ ഒരു നയവും ഇഷ്ടമില്ലാത്തവരെ മാറ്റിനിർത്താൻ മറ്റൊരു നയവുമാണെന്നും വിമർശനമുണ്ടായി. കണ്ണൂരിലെ തോൽവികൾ ഒഴിവാക്കാവുന്നതായിരുന്നു. തങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറായിരുന്നെങ്കിൽ മത്സരിക്കാൻ പോലും നിൽക്കില്ലായിരുന്നുവെന്ന ടികെ ഗോവിന്ദന്റേയും വി കുഞ്ഞികൃഷ്ണന്റേയും പ്രതികരണങ്ങൾ പാർട്ടിയുടെ നെഞ്ചിലടിക്കുന്ന അവസാന ആണികളായിരുന്നു.
പേരാവൂരിൽ കെ.കെ.ശൈലജയെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും അവിടെ മത്സരിക്കേണ്ടിയിരുന്നത് ‘ധീരനായ’ പിണറായി വിജയൻ ആയിരുന്നുവെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ പറഞ്ഞു. കൊല്ലത്തും വന്നത് സമാന ആരോപണം. കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്നും ജനങ്ങൾ ലാളിത്യമാണ് പ്രതീക്ഷിക്കുന്നതെന്നും ഭരണാധികാരി നക്ഷത്രമാണെന്നും ജനങ്ങൾ മണ്ണിൽ നിന്നും നോക്കി കാണേണ്ടവരാണ് എന്നുമുളള അവസ്ഥയുണ്ടാക്കരുതെന്നും പറയുന്നത് എറണാകുളത്തെ പ്രവർത്തകരാണ്.
പാർട്ടിയിൽ പിണറായി വിജയൻ മാത്രമാണ് മുന്നിൽ നിൽക്കുന്ന സാഹചര്യമെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതെന്ന ആരോപണം ഉയർന്നത് പാലക്കാട് ജില്ലാ കമ്മിറ്റിയിലാണ്. തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയത് വലിയ പിഴവായിരുന്നുവെന്നും സിപിഎമ്മിലെയും എൽഡിഎഫിലെയും മറ്റ് ജനകീയ നേതാക്കളെ പൂർണമായി അവഗണിച്ചുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തോൽവിയുടെ പ്രധാന ഉത്തരവാദിത്വം പിണറായി വിജയനാണെന്ന കുറ്റപ്പെടുത്തലാണ് നാടെങ്ങും.
61 വയസ്സുള്ള മുഖ്യമന്ത്രി കേരളം ഭരിക്കാൻ പോകുമ്പോൾ പ്രതിപക്ഷനേതാവായി 80 കഴിഞ്ഞ പിണറായി വേണ്ടെന്ന് വരെ അണികൾ പറഞ്ഞു തുടങ്ങിയത്രേ. പ്രത്യേക സ്വഭാവത്തിനുടമയായതിനാൽ പിണറായിയെ ജനങ്ങൾക്കു സമീപിക്കാനാവില്ല. അങ്ങനെ വരുമ്പോൾ ഫലത്തിൽ പ്രതിപക്ഷനേതാവായി പ്രവർത്തിക്കുക ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡറായിരിക്കുമെന്നും ഇത് ജനങ്ങൾക്ക് ബിജെപിയോടുള്ള സമീപനത്തിലും അകലത്തിലും മാറ്റം വരുത്താൻ ഇടയാക്കിയേക്കുമെന്ന ഗുരുതരമായൊരു മുന്നറിയിപ്പ് നൽകാനും പാർട്ടിയിലെ ബുദ്ധിജീവികൾ ആർജവം കാണിച്ചുതുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന എ. വിജയരാഘവൻ ഭാര്യ ആർ. ബിന്ദുവിനെ മത്സരിപ്പിച്ചു മന്ത്രിയാക്കിയെങ്കിൽ ഇത്തവണ എം.വി. ഗോവിന്ദൻ ഭാര്യ പി.കെ ശ്യാമളയെ മത്സരിപ്പിച്ചു മന്ത്രിയാക്കാൻ നോക്കി. 4 പിബി അംഗങ്ങളിൽ ഒരാൾക്ക് മരുമകനെ ഉയർത്തിക്കൊണ്ടുവരണം, മറ്റു 2 പേർക്ക് ഭാര്യമാരെ മന്ത്രിമാരാക്കണം. ഇതിന്റെ ഇരയായത് ചിലപ്പോൾ ശൈലജയായിരിക്കും.
ഏകാധിപതികളുടെ കാലം കഴിഞ്ഞെന്നു മനസ്സിലാക്കണം. പരനാറി, നികൃഷ്ട ജീവി, കടക്കു പുറത്ത്, വീട്ടിൽ പോയി ചോദിക്ക്, ചെറ്റ, ഡാഷ് മോൻ തുടങ്ങി പിണറായിയുടെ ധാർഷ്ട്യം നിറഞ്ഞ പദപ്രയോഗങ്ങളാണു തോൽവിക്കു പ്രധാന കാരണം. 2000 രൂപ പെൻഷൻ നൽകുന്നുവെന്നു പറഞ്ഞ് പിണറായി ചെയ്യുന്നതെല്ലാം ജനങ്ങൾ അംഗീകരിക്കില്ല. അല്ലെങ്കിൽ, തരുന്ന പെൻഷൻ തുക നിങ്ങൾക്കുള്ള ഞങ്ങളുടെ ഔദാര്യമാണ്, കൂടുതൽ ഒന്നും പറയാൻ നിൽക്കരുത് എന്ന തരത്തിൽ വിശീകരണങ്ങൾ നൽകി ജനങ്ങളെ എതിരാക്കുന്നതിൽ സൈബറിടത്തെ ഇടത് കടന്നലുകൾക്കും മോശമല്ലാത്തൊരു പങ്കുണ്ടെന്ന് പറയാം.
അനിവാര്യമായ വീഴ്ച്ച സംഭവിച്ചിരിക്കുന്നു, ഇനി ചെയ്യേണ്ടത് വീഴ്ച്ചകൾ മനസിലാക്കി പഴയ തൊഴിലാളി വർഗ പാർട്ടിയായി കരുത്തോടെ തിരിച്ചുവരുക എന്നതാണ്. അതിന് ആദ്യം വേണ്ടത് പിണറായി വിജയനപ്പുറം മറ്റൊരു മുഖം വളർത്തിയെടുക്കണം എന്നതാണ്. പറയുന്നത് ജനങ്ങൾക്ക് മനസിലാവണം എന്ന് അറിയുന്ന ഒരു പാർട്ടി സെക്രട്ടറിയും അനിവാര്യം. പൊളിച്ചെഴുത്ത് മുകളിൽ നിന്ന് തന്നെ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.






