റിയാദ്: അവധിക്കാലം നാട്ടിൽ ചെലവഴിച്ച് വെറും ഇരുപത് ദിവസം മുമ്പ് പ്രവാസലോകത്തേക്ക് തിരിച്ചെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു. കർണാടക കൊടക് ഷെട്ടിഗനഹള്ളി സ്വദേശിയായ അനിൽ (34) ആണ് മരിച്ചത്. റിയാദിലെ അൽ ഈമാൻ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.
വെള്ളിയാഴ്ച വൈകീട്ടോടെ ഉണ്ടായ പെട്ടെന്നുള്ള ശാരീരിക അസ്വസ്ഥതയെ തുടർന്ന് സുഹൃത്തുക്കൾ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ ഒരു ഫർണിച്ചർ കടയിൽ ജീവനക്കാരനായിരുന്ന അനിൽ അവിവാഹിതനാണ്.
അവധിക്ക് നാട്ടിൽ പോയി മടങ്ങി ജോലിയിൽ പ്രവേശിച്ച് 20 ദിവസം മാത്രമായിരുന്നു കഴിഞ്ഞത്. അപ്രതീക്ഷിതമായ വിയോഗത്തിൽ സുഹൃത്തുക്കളും പ്രവാസി സമൂഹവും ദുഃഖത്തിലാണ്.
പിതാവ്: പൂവപ്പ, മാതാവ്: റീത, സഹോദരി: സുനിത. മരണാനന്തര നടപടികൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളുടെ മേൽനോട്ടത്തിൽ സുഹൃത്തുക്കളുടെയും സംഘടന പ്രവർത്തകരുടെയും സഹകരണത്തോടെ പുരോഗമിക്കുന്നു.






