പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വലിയ രാഷ്ട്രീയ പിഴവായിരുന്നുവെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉയർന്നു. ശബരിമലയിലെ സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കാനും സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന് വ്യക്തമാക്കാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്നും, എന്നാൽ ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും യോഗത്തിൽ വിലയിരുത്തി.
വിശ്വാസികളെ കൂടെനിർത്താനുള്ള ശ്രമം ഫലപ്രദമാകാതെ പാർട്ടിക്ക് ദോഷകരമായെന്നാണ് ജില്ലാ കമ്മിറ്റിയിലെ അഭിപ്രായം. പരിപാടി തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായി മാറിയതായും വിമർശനം ഉയർന്നു.
ആരോപണവിധേയനായ എ. പത്മകുമാറിനെതിരെ പാർട്ടി കൃത്യമായ നടപടി സ്വീകരിക്കാത്തത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി. “കുറ്റപത്രം വരട്ടെ” എന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അണികളെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു.
ഇടതു സർക്കാർ നടത്തേണ്ടതല്ലാത്ത പരിപാടിയായിരുന്നു അയ്യപ്പ സംഗമമെന്നും പാർട്ടിയുടെ മുൻ നിലപാടുകൾക്ക് വിരുദ്ധമായി ഇത്തരമൊരു നീക്കം നടത്തിയതും തിരിച്ചടിയായെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. പരിപാടിയിൽ അയ്യപ്പന്റേതിനേക്കാൾ മുഖ്യമന്ത്രിയുടെ ചിത്രം കൂടുതൽ പ്രാധാന്യത്തോടെ ഉപയോഗിച്ചതും, ചില നേതാക്കളുടെ ആശംസകൾ ഉൾപ്പെടുത്തിയതും വിവാദത്തിന് ഇടയാക്കിയതായും വിലയിരുത്തി.
റാന്നി മണ്ഡലത്തിൽ പ്രമോദ് നാരായണന്റെ പരാജയത്തിന് എ. പത്മകുമാറിനെതിരായ പാർട്ടി നടപടികളിലെ വൈകല്യവും കാരണമായതായി കേരള കോൺഗ്രസ് (എം) നേതൃത്വവും വിലയിരുത്തിയിരുന്നു.






