തിരുവനന്തപുരം: ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാൻ സർക്കാർ നിയോഗിച്ച ഉപസമിതി. പദ്ധതിയെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിന് സമർപ്പിക്കും.
പില്ലർ–ടണൽ മാതൃകയിൽ പാത നിർമ്മിക്കുന്നത് ഗുണകരമാകുമെന്ന് ഉപസമിതി വിലയിരുത്തി. ശ്രീധരൻ സമർപ്പിച്ച പ്രൊപ്പോസൽ നടപ്പാക്കാൻ സാധ്യമാണെന്നും, പദ്ധതിയുമായി മുന്നോട്ട് പോകാമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
ഗതാഗത സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിലുള്ള നാലംഗ ഉപസമിതിയാണ് പഠനം നടത്തുന്നത്. ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ ജെ. വിനയൻ, സാമ്പത്തിക വിദഗ്ധൻ ഡോ. ടി. വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഉപസമിതി ഇതുവരെ അഞ്ച് തവണ യോഗം ചേർന്നിട്ടുണ്ട്.
ഇ. ശ്രീധരൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഉയർന്ന ചില സംശയങ്ങൾക്ക് പിന്നാലെ വിശദീകരണവും ലഭിച്ചിരുന്നു. ചെലവ് ഘടനയും പദ്ധതി നടപ്പാക്കൽ രീതിയും സംബന്ധിച്ച ആശങ്കകൾ കൂടി വീണ്ടും പരിശോധിക്കുമെന്ന് ഉപസമിതി അറിയിച്ചു.
സിൽവർലൈൻ പദ്ധതിക്കെതിരെ ഉണ്ടായതുപോലുള്ള ശക്തമായ പ്രതിഷേധം ഈ പദ്ധതിക്കുണ്ടാകില്ലെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ. കേരളത്തിൽ നടപ്പാക്കാൻ കഴിയുന്ന മികച്ച പദ്ധതികളിലൊന്നായിരിക്കും ഇതെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
പൂജപ്പുര മുതൽ തിരുവനന്തപുരം വിമാനത്താവളം വരെ 20 കിലോമീറ്റർ ടണൽ പാതയും, നെടുമ്പാശ്ശേരിയിൽ സുരക്ഷാ കാരണങ്ങളാൽ ടണൽ പാത പരിഗണിക്കേണ്ടിവരുമെന്നുമാണ് ഉപസമിതിയുടെ നിരീക്ഷണം. ബാക്കി ഭാഗങ്ങൾ എലിവേറ്റഡ് രീതിയിലായിരിക്കും.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ 14 മുതൽ 22 വരെ സ്റ്റേഷനുകൾ ഉൾപ്പെടുത്താനാണ് പ്രാഥമിക നിർദ്ദേശം. അഞ്ച് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാകുമെന്ന വിലയിരുത്തലും ഇ. ശ്രീധരൻ മുന്നോട്ട് വെച്ചിട്ടുണ്ട്.
ഉപസമിതി രണ്ട് യോഗങ്ങൾ കൂടി ചേർന്ന ശേഷം അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.



