സിഡ്‌നി: മസാജ് പാർലറിലെത്തിയ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരനായ മസാജ് തെറാപ്പിസ്റ്റിന് കഠിനതടവ് ശിക്ഷ. ഡൽഹി സ്വദേശിയായ സുമിത് സതീഷ് റസ്‌ത്തോഗി(39)യ്ക്കാണ് സൗത്ത് ഓസ്‌ട്രേലിയ ജില്ലാ കോടതി 13 വർഷവും 10 മാസവും തടവുശിക്ഷ വിധിച്ചത്. ഇതിൽ 10 വർഷവും 10 മാസവും പരോളില്ലെന്നും കോടതി വ്യക്തമാക്കി. ശിക്ഷാനടപടികൾക്ക് ശേഷം ഇയാളെ ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്താനും സാധ്യതയുണ്ട്.
2021 ഒക്ടോബർ മുതൽ 2022 ജൂലൈ വരെ അഡെലെയ്ഡിലെ ഒരു മസാജ് പാർലറിൽ ജോലി ചെയ്തിരുന്ന സമയത്താണ് പ്രതി 61-ഓളം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചത്. മസാജിന് എത്തിയ സ്ത്രീകളെ അനാവശ്യമായി സ്പർശിക്കുകയും അടിവസ്ത്രങ്ങൾക്കുള്ളിൽ കൈകടത്തുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ. ചില സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.
2022 ജൂലൈയിലാണ് പ്രതി അറസ്റ്റിലായത്. 2011-ൽ ഡൽഹിയിൽ നിന്ന് ഓസ്‌ട്രേലിയയിലെത്തിയ സുമിത്, മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്തിരുന്നെങ്കിലും ആവശ്യമായ യോഗ്യതകൾ ഇയാൾക്കില്ലായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിൽ ഇരയായ നിരവധി സ്ത്രീകൾ വിചാരണയ്ക്കിടെ കോടതിയിൽ മൊഴിനൽകി. പ്രതിയുടെ അതിക്രമം ഇന്നും മാനസികമായി വേട്ടയാടുന്നുവെന്നാണ് പലരും പറഞ്ഞത്. ഹണിമൂൺ യാത്രയ്ക്കിടെയായിരുന്നു തനിക്ക് ദുരനുഭവമുണ്ടായതെന്നും, ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെ പോലും അത് മായ്ച്ചുകളഞ്ഞുവെന്നും ഒരുസ്ത്രീ കോടതിയിൽ പറഞ്ഞു. സംഭവത്തിന് ശേഷം പുരുഷ ആരോഗ്യപ്രവർത്തകരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും അത് വിവാഹജീവിതത്തെ പോലും ബാധിച്ചതായും മറ്റൊരു ഇര വെളിപ്പെടുത്തി.






