ടെഹ്‌റാൻ: ആഗോള എണ്ണവ്യാപാരത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കേബിളുകൾക്ക് ട്രാൻസിറ്റ് ഫീസ് (ടോൾ) ഈടാക്കാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇതിലൂടെ വലിയ വരുമാനം നേടുകയും ആഗോള ഡിജിറ്റൽ രംഗത്ത് സ്വാധീനം വർധിപ്പിക്കുകയുമാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള തസ്നിം വാർത്താ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കുന്നത്. ഗൂഗിൾ, മെറ്റാ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ വൻകിട ടെക് കമ്പനികൾ ഉൾപ്പെടെ അന്താരാഷ്ട്ര കേബിൾ ശൃംഖലകൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഫീസ് ഈടാക്കാനാണ് പദ്ധതി. ഇന്റർനെറ്റ് കേബിളുകൾക്ക് നികുതി ഏർപ്പെടുത്തുമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഗാരി എക്‌സിലൂടെ സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഹോർമുസ് കടലിടുക്കിലൂടെ ഏഴോളം പ്രധാന അന്തർവാഹിനി കേബിൾ പാതകളാണ് കടന്നുപോകുന്നത്. ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് മേഖലകളിലെ ഡാറ്റാ സെന്ററുകളെ ബന്ധിപ്പിക്കുന്ന ഈ ശൃംഖലകളിൽ പലതും ഇറാന്റെ കടൽ അതിർത്തിക്ക് സമീപമാണ്. ഇതിലൂടെ നടക്കുന്ന ഡാറ്റാ വിനിമയത്തിന് സൂയസ് കനാൽ മാതൃകയിൽ “ഡിജിറ്റൽ ടോൾ” സംവിധാനം ഏർപ്പെടുത്താനാണ് നീക്കമെന്നാണ് വിലയിരുത്തൽ.
ഈ നീക്കത്തിലൂടെ അന്താരാഷ്ട്ര ഡാറ്റാ പ്രവാഹത്തിൽ കൂടുതൽ നിയന്ത്രണവും നിരീക്ഷണവും സാധ്യമാകുമെന്ന ആശങ്കയും ഉയരുന്നു. ഇന്റർനെറ്റ് സേവനങ്ങൾ, ക്ലൗഡ് പ്രവർത്തനങ്ങൾ, സാമ്പത്തിക ഇടപാടുകൾ, പ്രതിരോധ ആശയവിനിമയങ്ങൾ എന്നിവയ്ക്കെല്ലാം ഈ കേബിളുകൾ നിർണായകമാണ്.
അതേസമയം, സൈനിക മുങ്ങൽ സംഘങ്ങൾ, ചെറു അന്തർവാഹിനികൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് കേബിൾ ശൃംഖലകൾക്ക് ഭീഷണി സൃഷ്ടിക്കാനുള്ള ശേഷി ഇറാന് ഉണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2024ൽ യമനിലെ ഹൂതി വിമതർ മൂന്ന് കടൽ കേബിളുകൾ തകർത്ത സംഭവം ഈ മേഖലയിലെ ആശയവിനിമയത്തെ വലിയ തോതിൽ ബാധിച്ചിരുന്നു. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ നിലനിൽക്കുന്നതിനാൽ ഇറാന്റെ ഈ നീക്കം വലിയ നിയമ-രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.






