ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുത്തനെ ഉയർന്നു. ഇതോടെ നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് അനുകൂല സാഹചര്യമാണെന്നാണ് വിലയിരുത്തൽ. ഒരു യുഎഇ ദിർഹത്തിന് ചരിത്രത്തിലാദ്യമായി 26 രൂപ 22 പൈസ എന്ന നിരക്കിലാണ് ഇപ്പോൾ വിനിമയം നടക്കുന്നത്.
കുവൈത്ത് ദിനാറിന്റെയും മൂല്യം ഉയർന്നു. ചൊവ്വാഴ്ച ഒരു കുവൈത്ത് ദിനാറിന് 312.9 രൂപയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച തന്നെ ഇത് 311 രൂപ കടന്നിരുന്നു. സൗദി റിയാലിന് 25.7 രൂപയും ഖത്തർ റിയാലിന് 26.4 രൂപയുമാണ് നിലവിലെ നിരക്ക്. ഒമാനി റിയാലിന്റെ മൂല്യം കഴിഞ്ഞ ദിവസം ആദ്യമായി 250 ഇന്ത്യൻ രൂപയിലെത്തി. ബഹ്റൈൻ ദിനാറിന് 255.7 രൂപ എന്ന നിലയിലും വിനിമയം നടന്നു.
അതേസമയം, രാജ്യാന്തര വിപണിയിൽ ഒരു യു.എസ് ഡോളറിന് 96 രൂപ 29 പൈസ എന്ന റെക്കോർഡ് താഴ്ന്ന നിലയിലേക്കാണ് ഇന്ത്യൻ രൂപ എത്തിയത്. ആഗോള വിപണിയിൽ ഡോളറിന്റെ ശക്തിവർധനവും രാജ്യാന്തര സംഘർഷങ്ങളെ തുടർന്ന് അസംസ്കൃത എണ്ണവില ഉയർന്നതുമാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.






