ദിവസത്തില്‍ എപ്പോഴും എന്തെങ്കിലും ഒക്കെ കഴിച്ചുകൊണ്ടിരിക്കുന്ന ശീലമുണ്ടോ? പല സമയത്തായി ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് നല്ലതാണെന്ന ചിന്ത പുതിയ കാലത്തുണ്ട്. എന്നാല്‍ എത്ര തവണ കഴിക്കുന്നു എന്നത് മാത്രമല്ല പ്രശ്‌നം, മറിച്ച് ഭക്ഷണത്തിനിടയില്‍ കഴിക്കുന്ന ലഘുഭക്ഷണങ്ങളില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നതു കൂടിയാണ്.
തുടര്‍ച്ചയായി ഇങ്ങനെ കഴിക്കുന്നത് വിശപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ദഹനം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവയെ ബാധിക്കും. കാരണം ഇങ്ങനെ നമ്മള്‍ കൂടുതലും കഴിക്കുക പാക്കറ്റ് ലഘുഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍, ബിസ്‌ക്കറ്റുകള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിയാണ്. ഇടയ്ക്കിടെ ഇവ കഴിക്കുന്നതിലൂടെയുള്ള കലോറികള്‍ നമ്മളറിയാതെ തന്നെ ശരീരത്തില്‍ അടിഞ്ഞുകൂടും.
ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും, പ്രത്യേകിച്ച് കാര്‍ബോഹൈഡ്രേറ്റുകളോ മധുരമുള്ള ലഘുഭക്ഷണങ്ങളോ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു. തുടര്‍ന്ന് പഞ്ചസാരയെ കോശങ്ങളിലേക്ക് എത്തിക്കാന്‍ ശരീരം ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്നു. തുടര്‍ച്ചയായുള്ള ഭക്ഷണം കഴിക്കല്‍ കാരണം ദിവസം മുഴുവന്‍ ഇന്‍സുലിന്റെ അളവ് ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നത് ഒട്ടും നല്ലതല്ല.
ഇടവേളകളില്ലാതെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയല്ല നമ്മുടെ ദഹനവ്യവസ്ഥ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇടക്കിടക്ക് ഭക്ഷണം കഴിച്ചിട്ടും ആളുകള്‍ക്ക് വയര്‍ വീര്‍ത്തതായി തോന്നാനോ, അസ്വസ്ഥത അനുഭവപ്പെടാനോ സാധ്യതയുണ്ട്.






