കോഴിക്കോട്: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്കു പരിക്കേറ്റു. ഓട്ടോ തകർത്ത ശേഷം വീണ്ടും ഓടിപ്പോയ പോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം വളയം ജാതിയേരി സ്വദേശി ജാഫറിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് ജാതിയേരിയിൽ സംഭവം ഉണ്ടായത്. വളയത്ത് നിന്ന് നാദാപുരത്തേക്ക് ഓട്ടോയുമായി പോകുന്നതിനിടെ പെട്ടെന്ന് മുന്നിലേക്ക് പാഞ്ഞെത്തിയ പോത്ത് ജാഫറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ജാഫറിന്റെ തലയ്ക്ക് പരിക്കേറ്റു. ഓട്ടോയ്ക്കും ഗുരുതര കേടുപാടുകൾ സംഭവിച്ചു.
വീട്ടിൽ വളർത്തുന്ന പോത്താണ് രാത്രിയിൽ വിരണ്ടോടിയതെന്നാണ് വിവരം. പരിക്ക് ഗുരുതരമല്ലാത്ത ജാഫറിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.






