ഡല്‍ഹി: രാജ്യതലസ്ഥാനമായ ദില്ലിയിൽ ഓട്ടോ, ടാക്സി യൂണിയനുകളുടെ മൂന്നുദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഇന്ധനവില വർധനവിന്റെ പശ്ചാത്തലത്തിൽ യാത്രാനിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും യൂണൈറ്റഡ് ഫ്രണ്ട് ഓഫ് ഓൾ ട്രാൻസ്പോർട്ട് അസോസിയേഷനും ചേർന്നാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
മെയ് 21 മുതൽ 23 വരെ ദില്ലി എൻസിആർ മേഖലയിലാകെ പണിമുടക്ക് തുടരുമെന്നാണ് യൂണിയനുകൾ അറിയിച്ചത്. ചാലക് ശക്തി യൂണിയൻ ഉൾപ്പെടെ നിരവധി സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം ഓട്ടോ-ടാക്സി ഡ്രൈവർമാർ സമരത്തിൽ പങ്കെടുക്കുമെന്നാണ് അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കുന്നത്.
സിഎൻജി, പെട്രോൾ, ഡീസൽ വില വർധനവ് ഡ്രൈവർമാരുടെ ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് യൂണിയൻ ഭാരവാഹികൾ ആരോപിച്ചു. യാത്രാനിരക്ക് ഉടൻ വർധിപ്പിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, ദില്ലി ഓട്ടോ റിക്ഷ സംഘ്, ദില്ലി പ്രദേശ് ടാക്സി യൂണിയൻ, ഓട്ടോ ഡ്രൈവേഴ്സ് വെൽഫയർ സംഘ് ദില്ലി, പ്രഗതിശീൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ തുടങ്ങിയ ചില സംഘടനകൾ സമരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എന്നിരുന്നാലും ഭൂരിഭാഗം വാഹനങ്ങളും നിരത്തിലിറങ്ങാത്തതിനാൽ നഗരത്തിൽ വ്യാപകമായ യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്.
ആഗോള എണ്ണവില വർധനവും വിതരണ ശൃംഖലയിലെ പ്രതിസന്ധിയും ഇന്ധനവില ഉയരാൻ കാരണമായതായി എണ്ണക്കമ്പനികൾ വിശദീകരിക്കുന്നു.






