ന്യൂഡൽഹി: ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന ഉത്തരേന്ത്യയിലേക്ക് വേനൽ മഴയുടെ സൂചനയുമായി ന്യൂനമർദ്ദം രൂപം കൊള്ളുന്നുവെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നാണ് ന്യൂനമർദ്ദം. രാജ്യത്ത് ഏറെ നാളായി കാത്തിരിക്കുന്ന വേനൽമഴയ്ക്ക് വഴിതുറക്കുമെന്ന വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഇൻസാറ്റ് 3ഡിഎസ് കാലാവസ്ഥാ ഉപഗ്രഹം പകർത്തിയ തെർമൽ ഇൻഫ്രാറെഡ് ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവടങ്ങൾക്ക് മുകളിലായി വലിയൊരു മേഘക്കൂട്ടവും ചുഴലിക്കാറ്റ് രൂപത്തിലുള്ള അന്തരീക്ഷ വ്യതിയാനവും രൂപം കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കുപടിഞ്ഞാറൻ-മധ്യ ഇന്ത്യ കടുത്ത ചൂടിന്റെ പിടിയിലാണ്. ദില്ലി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ പകൽ താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് രേഖപ്പെടുത്തിയത്.
രാത്രിയിലും അന്തരീക്ഷ താപനില ഒട്ടും കുറയാതെ ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. കടുത്ത ചൂടുള്ള രാത്രികൾ മനുഷ്യശരീരത്തിന് അതീവ ഹാനികരമാണെന്ന് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിന്റെ വരവോടെ അറേബ്യൻ കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വൻതോതിൽ ഈർപ്പമുള്ള വായു രാജ്യത്തേക്ക് പ്രവേശിക്കും. ഈ ഈർപ്പം വടക്കൻ മേഖലയിലെ ഉയർന്ന ചൂടുമായി സമ്പർക്കത്തിൽ വരുന്നതോടെ ശക്തമായ ഇടിമിന്നലിനും കാറ്റിനും പരക്കെ മഴയ്ക്കും കാരണമായേക്കും.ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.






