കോഴിക്കോട്: പേരാമ്പ്രയിൽ കാർ കത്തി യുവതി മരിച്ച സംഭവം ആത്മഹത്യയായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രജിൻലാലിന് നേരിട്ട് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഭർത്താവുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
മരണത്തിന് മുൻപ് താൻ അനുഭവിച്ച മാനസിക പീഡനങ്ങളെക്കുറിച്ച് സോന സഹോദരിയോട് പറഞ്ഞിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. അതേ ദിവസം വൈകുന്നേരം സഹോദരിക്കൊപ്പം പേരാമ്പ്രയിലെത്തി സോന പെട്രോൾ വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ ബന്ധുവീട്ടിൽ നിന്ന് രജിൻലാലിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. കൈവശം കരുതിയിരുന്ന പെട്രോളിൽ സോന തന്നെയാണ് തീ കൊളുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കാർ കത്തിനശിച്ചത് വൈദ്യുതി ഷോർട് സർക്യൂട്ടിനെ തുടർന്നല്ലെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം മറ്റൊരു ദിശയിലേക്ക് നീങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെട്രോൾ വാങ്ങിയ വിവരം പുറത്തുവന്നത്. സംഭവത്തിൽ 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻലാലും കാറിനുള്ളിൽ പെട്രോളിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്.






