കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ മയക്കുമരുന്നും നിരോധിത ഗുളികകളും വിദേശ മദ്യവും പിടികൂടി. മയക്കുമരുന്ന് കടത്തും വിൽപ്പനയും തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിയ രണ്ട് പ്രത്യേക റെയ്ഡുകളിൽ നാല് പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്.
വിപണനത്തിനും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകൾ, നിരോധിത ഗുളികകൾ, വിദേശ മദ്യശേഖരം എന്നിവയാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്. ക്രിമിനൽ സുരക്ഷാ വിഭാഗവും മയക്കുമരുന്ന് നിയന്ത്രണ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്.
ആദ്യ റെയ്ഡിൽ പിടിയിലായ രണ്ട് പേരിൽ നിന്ന് വിവിധ ഇനങ്ങളിലുള്ള 207 കുപ്പി വിദേശമദ്യവും ഒരു ഗ്രാം ഹെറോയിനും കണ്ടെത്തി. തുടർന്ന് നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് മറ്റ് രണ്ട് പ്രതികൾ പിടിയിലായത്.
ഇവരിൽ നിന്ന് ഏകദേശം രണ്ട് കിലോഗ്രാം ഹാഷിഷ്, 250 ഗ്രാം കഞ്ചാവ്, 500 ഗ്രാം മെത്താംഫെറ്റാമൈൻ, 1,500 ലിറിക്ക കാപ്സ്യൂളുകൾ, 100 മെത്താഡോൺ ഗുളികകൾ എന്നിവ പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ തൂക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസുകളും പ്രതികളുടെ പക്കൽ നിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.






