എറണാകുളം: ആഫ്രിക്കയിലെ എബോള വൈറസ് വ്യാപന റിപ്പോർട്ടിനെത്തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. സിയാൽ , എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
യോഗത്തിൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന സർവൈലൻസ് സംവിധാനം സജ്ജമാക്കാൻ തീരുമാനിച്ചു. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, യാത്ര ചരിത്ര പരിശോധന (21 ദിവസത്തെ) തുടങ്ങിയ നടപടികൾ നടപ്പാക്കും. അന്താരാഷ്ട്ര യാത്രക്കാർക്ക് ഇമിഗ്രേഷൻ ഭാഗത്ത് സെൽഫ് ഡിക്ലറേഷൻ ഫോമുകൾ സമർപ്പിക്കേണ്ടതും നിർദേശമായി.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് അതിവേഗം പടരുകയാണ്. ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വിദഗ്ധർ പുതിയ എബോള വൈറസ് വകഭേദം അതീവ അപകടകാരിയാണെന്നും ഫലപ്രദമായ വാക്സിൻ ലഭിക്കാൻ മാസങ്ങൾ എടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എബോള വൈറസ് വായുവിലൂടെയോ വെള്ളത്തിലൂടെയോ പടരുന്നില്ല. രോഗബാധിതരുടെയോ മൃഗങ്ങളുടെയോ രക്തം, ശാരീരിക സ്രവങ്ങൾ എന്നിവയുമായി നേരിട്ട് സമ്പർക്കത്തിലായാൽ മാത്രമേ പകരുകയുള്ളൂ. രോഗലക്ഷണങ്ങൾ പ്രകടമായാൽ മാത്രമേ വൈറസ് മറ്റുള്ളവരിലേക്ക് പടരുകയുള്ളൂ.






