രാജസ്ഥാൻ: നിർത്തിയിട്ട കാറിനുള്ളിൽ അബദ്ധത്തിൽ കുടുങ്ങിയ സഹോദരിമാർ ശ്വാസം മുട്ടി മരിച്ചു. രാജസ്ഥാനിലെ അൽവാറിലാണ് ദാരുണ സംഭവം നടന്നത്.
ടീനയും ലക്ഷ്മിയുമാണ് മരിച്ചത്. ഉത്തരേന്ത്യയിൽ തുടരുന്ന കടുത്ത ഉഷ്ണതരംഗത്തിനിടെയാണ് സംഭവം. കളിച്ചുകൊണ്ടിരിക്കെ വീടിനടുത്തുള്ള കാർ സർവീസ് സെന്ററിലേക്ക് എത്തിയ കുട്ടികൾ അവിടെ പാർക്ക് ചെയ്തിരുന്ന കാറിനരികിലേക്ക് പോയതായാണ് വിവരം. തുടർന്ന് കളിക്കാനായി കാറിനുള്ളിൽ കയറിയപ്പോൾ വാതിലുകൾ അബദ്ധത്തിൽ ലോക്കായതായി പൊലീസ് അറിയിച്ചു.
ഏകദേശം 43 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിൽ കാറിനുള്ളിലെ താപനില അതിവേഗം ഉയർന്നു. അടഞ്ഞ വാഹനത്തിനുള്ളിൽ ഹീറ്റ് ചേമ്പർ പോലെയുള്ള അവസ്ഥ രൂപപ്പെട്ടതോടെ കുട്ടികൾ ശ്വാസംമുട്ടി മരിച്ചതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ദീർഘനേരം കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാറിനുള്ളിൽ ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികൾ ഏകദേശം 30 മിനിറ്റോളം കാറിനുള്ളിൽ കുടുങ്ങിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.






