തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂര്‍ പിണറായി പാണ്ഡ്യാലമുക്കിലെ വീടിനു മുന്നില്‍ കഴിഞ്ഞ പത്തു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ‘ജീപ്പ് സ്‌റ്റേഷന്‍’ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി ഉടന്‍ തന്നെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ കണ്ണൂര്‍ പൊലീസിനു നിര്‍ദേശം നല്‍കും. യോഗത്തിന്റെ മിനിട്‌സ് ലഭിക്കുന്ന മുറയ്ക്ക് ജീപ്പ് അവിടെനിന്നു മാറ്റാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ബാറ്ററിയില്ലാതെ തകരാറിലായ ജീപ്പ് കെട്ടിവലിച്ചു കൊണ്ടുപോകേണ്ടി വരും.
കഴിഞ്ഞ പത്തു വര്‍ഷമായി പിണറായിയുടെ റസിഡന്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും അവരുടെ തകരാറിലായ ജീപ്പിനെക്കുറിച്ചും വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഉന്നത പൊലീസ് ഇടപെടൽ. ജീപ്പ് മാറ്റുന്നതോടെ ഈ ജീപ്പിനകത്ത് ഊഴം വച്ച് 24 മണിക്കൂറും ഇരിക്കേണ്ടിവന്നിരുന്ന പൊലീസുകാരുടെ ദുരിതത്തിനും അവസാനമാകും. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി പൊലീസ് വീടിനു മുന്നില്‍ കാവല്‍ ഏര്‍പ്പെടുത്തിയത്.




