കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഏഴ് ദലിത് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് ഹർജി കേൾക്കുക.
ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് സുഭദ്രയും അംബികയും നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. മുൻപ് പെരുമ്പാവൂർ മുൻസിഫ് കോടതി ഭൂമിയുടെ അവകാശം ഹർജിക്കാർക്കാണെന്ന് വിധിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി മാർച്ച് 19ന് നിർദേശം നൽകിയതോടെയാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.
ഇതിനായി ആമീനും അഡ്വക്കറ്റ് കമ്മിഷനും പൊലീസും സ്ഥലത്തെത്തിയപ്പോൾ പ്രതിഷേധവും സംഘർഷവും ഉണ്ടായി. തുടർന്ന് സർക്കാർ വിഷയത്തിൽ ഇടപെട്ട് കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു.
ഭൂമിയുമായി ബന്ധപ്പെട്ട മുൻസിഫ് കോടതി വിധിക്കെതിരെ സബ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളിൽ അപ്പീൽ നൽകിയിരുന്നെങ്കിലും എല്ലാം തള്ളിയിരുന്നു. 2023 ഫെബ്രുവരിയിലാണ് സുപ്രീം കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനിടെ മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ സർക്കാർ താമസക്കാരുമായി ചർച്ച നടത്തി. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കാത്ത പക്ഷം കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.






