എറണാകുളം: നടി അൻസിബ ഹസ്സന്റെ ടിനി ടോമിനെതിരായ ആരോപണത്തിൽ പ്രതികരണവുമായി താരസംഘടനയായ അമ്മയുടെ അധ്യക്ഷ ശ്വേത മേനോൻ. സംഭവം ആസൂത്രിത നീക്കമാണെന്ന സംശയം നിലനിൽക്കുന്നുവെന്നും വിഷയത്തിൽ ഗൂഢാലോചന ഉണ്ടായിരിക്കാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് നടന്ന മെഡിക്കൽ ക്യാമ്പിനിടെയാണ് ഈ പരാതി സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് ശ്വേത മേനോൻ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഫോൺ ലഭിച്ചില്ലെന്നും അവർ പറഞ്ഞു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളാണ് പിന്നീട് സംഘടനയ്ക്ക് ലഭിച്ചതെന്നും വൈകിട്ട് രണ്ട് മണിയോടെയാണ് ഔദ്യോഗികമായി പരാതി ലഭിച്ചതെന്നും അവർ അറിയിച്ചു.
അൻസിബയുടെ രാജി ഈ മാസം 12ന് വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞാണ് സ്വീകരിച്ചതെന്നും, രാജിക്കത്തിൽ ടിനി ടോമിനെതിരായ ആരോപണങ്ങൾ പരാമർശിച്ചിരുന്നില്ലെന്നും ശ്വേത മേനോൻ അറിയിച്ചു. പൊലീസ് പരാതിയെ കുറിച്ചാണ് പിന്നീട് അറിയാൻ കഴിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.
സംഘടനാ വിഷയങ്ങളിൽ നേരിട്ട് ഇടപെടാൻ സാധിക്കില്ലെന്ന് അൻസിബയോട് പറഞ്ഞിരുന്നുവെന്നും, വിഷയത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി വിശദമായ പരിശോധന നടത്തുമെന്നും ശ്വേത മേനോൻ വ്യക്തമാക്കി. മത സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കമ്മിറ്റിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെന്നും, ഭൂരിഭാഗം അംഗങ്ങളും അനുകൂലമായിരുന്നുവെന്നും അവർ പറഞ്ഞു.
അൻസിബയുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും വിഷയത്തിൽ സംഘടനയുടെ ഔദ്യോഗിക നടപടികൾ തുടരുമെന്നും ശ്വേത മേനോൻ വ്യക്തമാക്കി.




