കോഴിക്കോട്: അത്തോളി കണ്ണിപൊയിലിലെ ഓയിൽ മില്ലിൽ വൻ തീപിടിത്തം. ശനിയാഴ്ച രാത്രി 11.30ഓടെയാണ് എസ്.ആർ ഓയിൽ മില്ലിൽ തീപിടിത്തമുണ്ടായത്.
കൊയിലാണ്ടിയിൽ നിന്ന് രണ്ട് യൂണിറ്റുകളും നരിക്കുനി, വെള്ളിമാടുകുന്ന്, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റുകളുമായി അഗ്നിരക്ഷാസേന സ്ഥലത്തെത്തി. നാല് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് നിർമിച്ച ഓയിൽ മില്ലിനുള്ളിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയ്ക്കായുള്ള കൊപ്രയും തേങ്ങയും ഏകദേശം 2000 ലിറ്റർ വെളിച്ചെണ്ണയും പൂർണമായി കത്തിനശിച്ചു.
മലാപ്പറമ്പ് സ്വദേശി ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള ഓയിൽ മില്ലിലാണ് തീപിടിത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല.






