ആലപ്പുഴ: അമ്പലപ്പുഴ ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണപ്പൻ എന്നറിയപ്പെടുന്ന ഉദീഷ് (26), രാജീവ് (41) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്.
അമ്പലപ്പുഴ സ്വദേശികളായ ബിജുവിനും ബന്ധു ശരത്തിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ബിവറേജസിൽ മദ്യം വാങ്ങുന്നതിനിടെ ബിജുവും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ബിജു പ്രതികളിലൊരാളായ ഉദീഷിനെ മർദിച്ചതായും തുടർന്ന് പിന്നാലെയെത്തിയ പ്രതികൾ മാരകായുധങ്ങളുമായി ബിജുവിനെയും ശരത്തിനെയും ആക്രമിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മണിക്കൂറുകൾക്കകം വണ്ടാനത്ത് നിന്ന് പൊലീസ് സാഹസികമായി പിടികൂടി. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാർ എംയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.






