കൊച്ചി: വെറും 58 മണിക്കൂറുകൾ കൊണ്ട് 100 കോടി കലക്ഷൻ നേടിയിരിക്കുകയാണ് ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ദൃശ്യം 3. ദൃശ്യത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നുവെന്നും പിന്നീട് അദ്ദേഹം ആ വേഷം നിരസിക്കുകയായിരുന്നുവെന്ന് ജീത്തു നേരത്തെ പറഞ്ഞിട്ടുണ്ടുണ്ട്. മമ്മൂട്ടി ദൃശ്യം വേണ്ടെന്ന് വയ്ക്കാനുള്ള യഥാർഥ കാരണം വെളിപ്പെടുത്തിക്കൊണ്ടുള്ള ജീത്തു ജോസഫിൻറെ പഴയൊരു അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
ദൃശ്യത്തിൻറെ കഥ മമ്മൂട്ടിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നുവെന്നും, എന്നാൽ മറ്റ് ചില കമ്മിറ്റ്മെന്റുകൾ കാരണമാണ് അദ്ദേഹം ചിത്രത്തിൽ നിന്നും പിന്മാറിയതെന്നും ജീത്തു പറയുന്നു. “മമ്മൂട്ടിക്ക് ഇഷ്ടപ്പെടാതിരുന്ന കഥയല്ല ദൃശ്യം. ഞാൻ ഈ കഥ ചെന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ ഗംഭീര കഥയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, അച്ഛനും കുടുംബവുമൊക്കെ കടന്നുവരുന്ന നാലഞ്ച് സിനിമകൾ അദ്ദേഹം അപ്പോൾ കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഒരേ പാറ്റേണിലുള്ള സിനിമകൾ അടുപ്പിച്ച് ചെയ്യാത്തതിനാൽ, ഒന്നുകിൽ ഒന്നര-രണ്ട് വർഷം കാത്തിരിക്കാനോ അല്ലെങ്കിൽ മറ്റാരെയെങ്കിലും വെച്ച് സിനിമ ചെയ്യാനോ അദ്ദേഹം നിർദ്ദേശിച്ചു” എന്നാണ് അഭിമുഖത്തിൽ ജീത്തു അന്ന് പറഞ്ഞത്.






