കൊല്ലം: അഞ്ചൽ ആർച്ചലിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് കത്തിച്ചു. ആറന്മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിവേകിന്റെ വാഹനമാണ് കത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കത്തിച്ച ബുള്ളറ്റിന് സമീപത്ത് നിന്ന് ഒരു ഭീഷണിക്കത്തും കണ്ടെത്തിയിട്ടുണ്ട്. പുനലൂരിലെ കോളേജിൽ വെച്ച് ഉണ്ടായ മർദനത്തിന് പ്രതികാരമായാണ് നടപടിയെന്ന് കത്തിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുണ്ട്. “സിപിഎം കളിച്ചല്ലേ അടിച്ചത്” എന്നും “ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോ” എന്നും കത്തിൽ ഭീഷണി ഉള്ളതായി പറയുന്നു.
സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






